വ്യവസായിയെ ബന്ദിയാക്കി പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ
text_fieldsതിരുവല്ല: വേങ്ങലിൽ വ്യവസായിയെ ഗോഡൗണിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്നാംഗ സംഘം വ്യാജ തോക്കും മാരകായുധങ്ങളുമായി പിടിയിൽ. ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണിവർ.
ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തിയിൽ കടപ്പാക്കൽ ബിസിനസ് നടത്തുന്ന പെരുംതുരുത്തി കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കുകയായിരുന്നു. വടിവാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. ഗോഡൗണിലെ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ തിരുവല്ല പൊലീസ് ഗോഡൗൺ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളിൽനിന്ന് വ്യാജ തോക്കടകം കണ്ടെടുത്തത്. കേസിലെ ഒന്നാംപ്രതി ഷിജു വർഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളും, രാഹുലിനും ബാസ്റ്റിനുമെതിരെ അഞ്ചു വീതം ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ മൂവരും കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകൾക്ക് അടിമകളും വില്പനക്കാരുമാണെന്ന് എസ്.ഐ പി.ബി നഹാദ് പറഞ്ഞു.

