വരന്റെ സുഹൃത്തുക്കൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചു; വിവാഹവീട്ടിൽ ‘തല്ലുമാല’ -VIDEO
text_fieldsകോഴിക്കോട്: വരന്‍റെ കൂടെ വന്ന സുഹൃത്തുക്കൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ വിവാഹവീട്ടിലാണ് സംഭവം. വടകര വില്യാപ്പള്ളിയിലാണ് വരന്റെ വീട്.
വരനൊപ്പം വന്നവർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പടക്കം പൊട്ടിക്കരുതെന്ന് വധുവിന്റെ വീട്ടിൽ ഉള്ളവർ ആദ്യമേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് വകവെക്കാതെ വരന്റെ കൂട്ടുകാർ പടക്കത്തിന് തീക്കൊളുത്തി. ഇതോടെ ഇരു കൂട്ടരും തമ്മിൽ തർക്കം രൂക്ഷമാകുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു.
കല്യാണത്തിന് എത്തിയവർ പകർത്തിയ കൂട്ടത്തല്ലിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആൾക്കൂട്ടത്തിനിടയിൽപെട്ട ചെറിയകുട്ടികൾക്ക് വരെ തല്ല് കിട്ടി നിലത്ത് വീണു. തർക്കം ഉടലെടുത്ത ഉടൻ തന്നെ മുതിർന്നവർ ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിച്ചിരുന്നു. എന്നാൽ, വീണ്ടും സംഘം ചേർന്ന് വാഗ്വാദത്തിലേർപ്പെടുകയും പൊരിഞ്ഞ തല്ലിൽ കലാശിക്കുകയുമായിരുന്നു.
ഒടുവിൽ നാട്ടുകാർ ഇടപെട്ട് രണ്ടുവിഭാഗത്തെയും ഒരുമിച്ചിരുത്തി സംസാരിച്ച് അനിഷ്ടസംഭവങ്ങളുണ്ടാകാതെ പരിഹരിച്ചു. ആർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

