വരന്‍റെ കൂട്ടുകാർ റോഡ് ബ്ലോക്കാക്കി, നാട്ടുകാർ ചോദ്യം ചെയ്തതോടെ കല്ലേറ്; വിവാഹസൽക്കാരത്തിൽ സംഘർഷം; സംഭവം തൃശൂരിൽ
text_fieldsചെറുതുരുത്തി (തൃശൂർ): വെട്ടിക്കാട്ടിരി കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിൽ സംഘർഷം. പൊലീസ് ലാത്തിവീശി. കല്ലേറിൽ സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്ക്.
അഞ്ചു കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പള്ളം സ്വദേശിയുടെ വിവാഹസൽക്കാരമാണ് ഓഡിറ്റോറിയത്തിൽ നടന്നത്. വരന്റെ കൂട്ടുകാർ ഥാർ അടക്കമുള്ള നിരവധി ആഡംബര കാറുകളിലാണ് എത്തിയത്. വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം ഈ വാഹനങ്ങൾ എത്തിയതോടെ റോഡ് ഗതാഗതക്കുരുക്കിലായി. മറ്റുവാഹനങ്ങൾ കടത്തിവിടാതെയുള്ള നടപടിയെ ചോദ്യംചെയ്ത ടിപ്പർ ലോറി ഡ്രൈവർ ആലിക്കപറമ്പിൽ ബഷീറിനെ (52) യുവാക്കൾ മർദിച്ചു.
നാട്ടുകാർ രംഗത്തെത്തിയതോടെ വൻ സംഘർഷമായി. പിന്നീടുണ്ടായ കല്ലേറിലാണ് വഴിയാത്രക്കാരായ രണ്ടു സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റത്. വാഹനങ്ങൾക്കും കല്ലേറിൽ കേടുപാടുകൾ സംഭവിച്ചു. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ലാത്തി വീശി ആളുകളെ പിരിച്ചുവിടുകയായിരുന്നു. യുവാക്കൾ ഓടിച്ചിരുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

