ഹരിത പെരുമാറ്റച്ചട്ടം; സ്ഥാനാർഥികൾക്ക് കൈപ്പുസ്തകം
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം തയാറാകുന്നു. രണ്ടുമാസം മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ അത്രതന്നെ മാലിന്യം ഈ തെരഞ്ഞെടുപ്പിനും ഉണ്ടാകുമെന്നാണ് ഹരിതകേരളം മിഷെൻറയും ശുചിത്വ മിഷെൻറയും വിലയിരുത്തൽ.
ഓരോ മണ്ഡലങ്ങളിലും ഉണ്ടാകുന്ന മാലിന്യം സംബന്ധിച്ച് കണക്കുകൾ ഉടൻ തയാറാക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽതന്നെ ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച നിർദേശം ഉൾപ്പെടുത്തണമെന്ന അഭിപ്രായം തെരഞ്ഞെടുപ്പ് കമീഷന് നൽകിയിട്ടുണ്ട്.
പത്രിക സമർപ്പണസമയത്ത് സ്ഥാനാർഥികൾക്ക് ഹരിതചട്ടം സംബന്ധിച്ച ൈകപ്പുസ്തകം നൽകും. ഹരിതചട്ടം പ്രകാരം തെരഞ്ഞെടുപ്പിന് ഉപയോഗിക്കാവുന്ന സാമഗ്രികൾ, പ്ലാസ്റ്റിക്കിന് ബദലായി ഉപയോഗിക്കാവുന്ന വസ്തുക്കൾ, അവയുടെ ലഭ്യത എന്നിവയെല്ലാം ഇതിൽ ഉണ്ടാകും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ വലിയതോതിലുള്ള മാലിന്യങ്ങൾ തദ്ദേശതെരഞ്ഞെടുപ്പിൽ ഉണ്ടായി. എന്നാൽ, ശുചിത്വ മിഷെൻറയും ഹരിതകേരള മിഷെൻറയും ഇടപെടൽമൂലം 80 ശതമാനം മാലിന്യങ്ങളും കുറക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ.
പ്രചാരണത്തിൽ ഫ്ലക്സുകളും പ്ലാസ്റ്റിക് വസ്തുക്കളും ആൻറി ഡിഫേസ്മെൻറ് സ്ക്വാഡുകളുടെ സഹായത്തോടെ ഉടൻ നീക്കി. വോട്ടെടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുണ്ടായ ജൈവ മാലിന്യങ്ങളുടെ നീക്കവും സമയബന്ധിതമായി നടത്തി.
ബൂത്തുകളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളും വൻതോതിൽ കുറവായിരുന്നുവെന്നാണ് മിഷെൻറ വിലയിരുത്തൽ. ഹരിത ചട്ടത്തോടൊപ്പം കോവിഡ് പ്രോട്ടോകോൾ പാലിക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. മാല, ബൊെക്ക പോലുള്ളവ സ്ഥാനാർഥി സ്വീകരണത്തിൽ ഒഴിവാക്കണമെന്ന് നേരത്തേ നിർദേശമുണ്ട്.