പച്ചക്കൊടി ലഭിച്ചത് സ്വകാര്യ വൈദ്യുതി മേഖലയിലെ ബൃഹദ് പദ്ധതിക്ക്
text_fieldsകാസർകോട്: ഭൂമി കൈമാറ്റത്തിന് മന്ത്രിസഭ അനുമതി നൽകിയതോടെ സംസ്ഥാനത്ത് നടപ്പാകുന്നത് സ്വകാര്യ വൈദ്യുതി മേഖലയിലെ ബൃഹദ് പദ്ധതി. വൻകിട കമ്പനിയായ സ്റ്റർലൈറ്റിന്റെ സംരംഭമാണ് കാസർകോട് യാഥാർഥ്യമാവുന്നത്. വൈദ്യുതി പ്രസരണ മേഖലയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയായി ഇതുമാറും.
400 കെ.വി സബ്സ്റ്റേഷന് നിർമിക്കുന്നതിന് ഉഡുപ്പി-കാസര്കോട് ട്രാന്സ്മിഷന് ലിമിറ്റഡിന് കരിന്തളം വില്ലേജിലെ 12 ഏക്കർ ഭൂമി പാട്ടത്തിന് നൽകാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഉഡുപ്പിയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കാസർകോട് വഴി വയനാട് ഭാഗത്തേക്ക് വ്യാപിപ്പിക്കുന്ന സംരംഭമാണ് പദ്ധതിയുടെ ആദ്യഘട്ടം.
സ്വകാര്യ വൈദ്യുതി മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായാണ് സ്റ്റർലൈറ്റ് കാസർകോട്ടെത്തിയത്. കരിന്തളം വില്ലേജിലെ കയനി പ്രദേശത്ത് ഒരുവർഷം മുമ്പാണ് പദ്ധതിക്കായി ഭൂമി വാങ്ങിയത്. വലിയ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശത്ത് കമ്പനി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ ഒപ്പുശേഖരണം നടത്തി രംഗത്തു വന്നിരുന്നു.
ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന വയലിൽ സബ്സ്റ്റേഷൻ നിർമിക്കുന്നതിനെതിരെ വലിയ എതിർപ്പുണ്ടായി. ഇതേത്തുടർന്നാണ് തൊട്ടടുത്ത റവന്യൂ ഭൂമി സ്വന്തമാക്കാൻ കമ്പനി ശ്രമം നടത്തിയത്. ഭൂമി ലഭ്യമാവുന്നതിനു മുമ്പേ റവന്യൂ ഭൂമി ഉപയോഗിക്കാനും തുടങ്ങി. 26.1 കോടി ന്യായവില വരുന്ന ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വടക്കൻ കേരളത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയായാണ് ഇതിനെ സർക്കാർ വിശേഷിപ്പിക്കുന്നത്.