ഗ്രീൻഫീൽഡ് പാത: നിർമിതികളുടെ മൂല്യനിർണയം, തേയ്മാന ചെലവ് ഒഴിവാക്കണം -കേരളം
text_fieldsകല്ലടിക്കോട് (പാലക്കാട്): പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുന്നതിന് ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ വീടുൾപ്പെടെയുള്ള നിർമിതികൾക്ക് മൂല്യം നിർണയിക്കുമ്പോൾ തേയ്മാന ചെലവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് കത്തയച്ചു. സംസ്ഥാന സർക്കാറിന് വേണ്ടി അഡീഷണൽ സെക്രട്ടറി ബി. അബ്ദുൽ നാസറാണ് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർക്ക് കത്തയച്ചത്.
1956ലെ ദേശീയപാത നിയമപ്രകാരം മൂല്യനിർണയം നടത്തുമ്പോൾ അവ നടപ്പുവിലയോട് പൊരുത്തപ്പെടുന്നില്ല. നിർമിതികളുടെ തേയ്മാനം കണക്കിലെടുക്കാതെ വില നൽകണമെന്നും കത്തിൽ പറയുന്നു. കെട്ടിടങ്ങളുടെ തേയ്മാന ചെലവ് ഒഴിവാക്കിയാണ് ദേശീയപാത 66ന് സ്ഥലമേറ്റെടുത്തത്.
ഇതേ രീതി പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാത, കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് പാത എന്നിവയുടെ സ്ഥലം ഏറ്റെടുപ്പിന് അവലംബിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഗ്രീൻ ഫീൽഡ് ഹൈവേ വികസനത്തിന്റെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവർ ഈ ആവശ്യം സംസ്ഥാന സർക്കാറിന് മുമ്പിൽ വെച്ചിരുന്നു.