ചാലിയാറിലെ പച്ചനിറത്തിന് കാരണം ആൽഗൽ ബ്ലൂം പ്രതിഭാസം
text_fieldsഅരീക്കോട്: അരീക്കോട്ടും പരിസര പഞ്ചായത്തുകളിലും ചാലിയാറിലെ ജലത്തിന് പച്ചനിറം വരാൻ കാരണം ആൽഗൻ ബ്ലൂം പ്രതിഭാസമാണെന്ന് കുന്ദമംഗലം ജലവിഭവ ഗവേഷണകേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) ശാസ്ത്രജ്ഞരും ഗവേഷകരും. അസാധാരണമായി കൊഴുപ്പ് നിറഞ്ഞ് വെള്ളത്തിന് പച്ചനിറമായെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിദഗ്ധരെത്തി ജലം പരിശോധിച്ചത്.
ബ്ലൂ ഗ്രീൻ ആൽഗ എന്ന പേരിൽ അറിയപ്പെടുന്നതാണെങ്കിലും സൈനോ ബാക്ടീരിയ എന്ന സൂക്ഷ്മാണുവാണ് വെള്ളത്തിൽ പടർന്നിരിക്കുന്നത്. പത്ത് കിലോമീറ്റർ ദൂരം പടർന്ന് പച്ചയായി കിടക്കുന്ന സൈനോ ബാക്ടീരിയ എത്രത്തോളം വിഷാംശമുള്ളതാണെന്ന് ലാബിൽ പരിശോധിച്ചാലേ അറിയൂവെന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ദീപു പറഞ്ഞു. അനുകൂലസാഹചര്യമുണ്ടായാൽ ഈ ബാക്ടീരിയയുടെ പ്രജനനം വേഗത്തിലാകുകയും വ്യാപിക്കുകയും ചെയ്യും. അന്തരീക്ഷ ഉൗഷ്മാവിെൻറ ഉയർച്ചയും വെള്ളത്തിെൻറ ഒഴുക്കില്ലായ്മയും ബാക്ടീരിയ വളരാൻ അനുകൂലഘടകമാണെന്നും വിദഗ്ധർ പറഞ്ഞു.
പുറമേക്ക് കാണുന്ന പാട തൽക്കാലം പമ്പ് ചെയ്ത് ഒഴിവാക്കണം. അല്ലെങ്കിൽ ഇനിയും നിറവ്യത്യാസവും അമിതദുർഗന്ധവും വരാനിടയുണ്ട്. സൈനോ ബാക്ടീരിയ വളർന്നാൽ വെള്ളത്തിലെ ഓക്സിജൻ കുറയുകയും മത്സ്യങ്ങളടക്കമുള്ളവ ചാവുകയും ചെയ്യും. രാസപദാർഥങ്ങൾ ഉപയോഗിച്ച് ബാക്ടീരിയയെ നശിപ്പിച്ച് വെള്ളം ശുദ്ധീകരിക്കാമെങ്കിലും പാർശ്വഫലങ്ങളുണ്ടാകുമെന്ന് ഡോ. ദീപു പറഞ്ഞു.
വാഴയിൽക്കടവ്, മൈത്രക്കടവ്, തെക്കേതലക്കടവ്, പൊട്ടിക്കടവ് എന്നിവിടങ്ങളിലെ ജലത്തിെൻറ സാമ്പിളാണ് പരിശോധനക്കെടുത്തത്. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞൻ പി.പി. റഹീം, ഗവേഷകർ, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മുനീറ, അംഗം പാറക്കൽ ശിഹാബ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തംഗം കെ. അനൂബ്, അരീക്കോട് ഹെൽത്ത് ഇൻസ്പെക്ടർ എ. ഹുസൈൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
