പൊറോട്ടക്കും ബീഫ് ഫ്രൈക്കും ഒപ്പം ഗ്രേവി സൗജന്യമല്ല; റസ്റ്റോറന്റിനെതിരെയുള്ള പരാതി തള്ളി ഉപഭോക്തൃ കമീഷൻ
text_fieldsകൊച്ചി: പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി പരിഗണനാര്‍ഹമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷൻ. എറണാകുളം സ്വദേശി ഷിബു കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റസ്റ്റോറന്റിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരാനായ ഷിബുവും സുഹൃത്തും 2024 നവംബറിലാണ് റസ്റ്റോറന്റില്‍ നിന്ന് ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തത്. അതിനോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. എന്നാൽ ഗ്രേവി നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. അതിനെ തുടർന്ന് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് പരാതി നൽകി.
താലൂക്ക് സപ്ലൈ ഓഫിസറും ഫുഡ് സേഫ്റ്റി ഓഫിസറും നടത്തിയ അന്വേഷണത്തിൽ ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് ഷിബു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു.
സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്റ്റോറന്റ് വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഗ്രേവി നല്‍കേണ്ടതിന് എന്തെങ്കിലും നിയമപരമായ ബാധ്യതയുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാല്‍ പൊറോട്ടയും ബീഫ് നല്‍കുമ്പോള്‍ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടല്‍ ഉടമക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

