ഗ്രന്ഥസൂചി എട്ടാം വാല്യം: ചെലവ് അഞ്ചുലക്ഷം; ഒമ്പതിന് 27 ലക്ഷം
text_fieldsതൃശൂർ: സാഹിത്യ അക്കാദമിയിൽ നടന്നിരുന്നത് വൻ ധൂർത്ത്. വിജിലൻസ് ശേഖരിച്ച ഒരു കണക്കുതന്നെ ഉദ്യോഗസ്ഥരെയും ഞെട്ടിച്ച നിലയിലാണ്. അക്കാദമി അഞ്ചു വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ കാറ്റലോഗായ ഗ്രന്ഥസൂചി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കണക്കാണ് കൊള്ളയുടെ ആഴം വെളിവാക്കുന്നത്. ഗ്രന്ഥസൂചി എട്ടാം വാല്യം പുറത്തിറക്കാൻ ചെലവായത് വെറും അഞ്ചു ലക്ഷമാണെങ്കിൽ ഒമ്പതാം വാല്യം പി.ഡി.എഫ് രൂപത്തിൽ കമ്പ്യൂട്ടറിൽ സേവ് ചെയ്യാൻ ചെലവായത് 26,81,110 രൂപ. ഇതിന്റെ രേഖകളാണ് വിജിലൻസിന് ലഭിച്ചത്.
ഡോ. എൻ. സാം ആണ് ഗ്രന്ഥസൂചി ഒമ്പതാം വാല്യത്തിന്റെ എഡിറ്റർ. യു.ഡി.എഫ് കാലത്ത് സാഹിത്യ ചരിത്രം, ഗ്രന്ഥസൂചി എന്നിവയുടെ പ്രസിദ്ധീകരണം, ഹാളുകളുടെ വാടക എന്നിവ അടക്കമുള്ളവയിലെ ക്രമക്കേടുകൾ ഉന്നയിച്ചായിരുന്നു വിജിലൻസിന് സാഹിത്യ വിമർശം മാസിക എഡിറ്ററും അക്കാദമി മുൻ സെക്രട്ടറിയുമായ സി.കെ. ആനന്ദൻപിള്ള പരാതി നൽകിയിരുന്നത്. ഇതിലാണ് അന്വേഷണം നടക്കുന്നത്. ഗ്രന്ഥസൂചി ഒമ്പതാം വാല്യത്തിൽ പിഴവ് കണ്ടെത്തിയെന്നും ഡോ. എസ്.കെ. വസന്തൻ, ലളിത ലെനിൻ എന്നിവരെ നിയോഗിച്ച് എഡിറ്റ് ചെയ്ത് പിഴവ് പരിഹരിച്ചെന്നുമാണ് പറയുന്നത്. ഗ്രന്ഥസൂചിയുടെ നാല് വാല്യം പ്രസിദ്ധീകരിക്കാനുള്ള ചെലവാണ് ഒരൊറ്റ വാല്യത്തിന് അച്ചടിയില്ലാതെ മാത്രം വന്നിരിക്കുന്നത്. പി.ഡി.എഫ് രൂപത്തിൽ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് 100 ശതമാനം ജോലികളും പൂർത്തിയാക്കിയെന്ന് കാണിച്ചാണ് 27 ലക്ഷത്തോളം രൂപ അനുവദിച്ചത്.
സി.കെ. ആനന്ദൻപിള്ള നൽകിയ മൊഴിയും അക്കാദമിയിൽനിന്ന് ശേഖരിച്ച രേഖകളും പരിശോധിക്കുകയാണ് വിജിലൻസ്. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേടുണ്ടെന്ന സൂചനയാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്നത്. ഡോ. എന്. സാം തന്നെ എഡിറ്ററായ സാഹിത്യ ചരിത്രം ആറ് വാല്യങ്ങൾ അച്ചടി പൂർത്തിയാക്കി പുറത്തിറക്കിയെങ്കിലും പാകപ്പിഴകളുണ്ടെന്ന് പരാതി ഉയർന്നതിനാൽ വിപണിയിലെത്തിച്ചില്ല. ലക്ഷങ്ങൾ നഷ്ടമുണ്ടാക്കിയ സാഹിത്യ ചരിത്രം ആറ് വാല്യങ്ങൾ അക്കാദമി മുറിയിൽ ചാക്കിട്ട് മൂടിയിരിക്കുകയാണ്. പിഴവുകൾ കണ്ടെത്തിയിട്ടും ഇതുവരെ ആർക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

