‘കണ്ണേ, കരളേ, പിണറായീ...’ -ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ പിണറായിക്ക് വൻ സ്വീകരണം
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സിപിഎം പ്രവർത്തകരുടെ വൻ സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പിണറായിയെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. കണ്ണേ കരളേ പിണറായി എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ സ്വീകരിച്ചത്.
തുടർന്ന് എകെജി സെന്റർ വരെയും അവിടെനിന്ന് വസതി വരെയും പ്രവർത്തകർ അനുഗമിച്ചു. കേന്ദ്ര സർക്കാരിനെതിരെയും ഡൽഹി പൊലീസിനെതിരെയും രൂക്ഷ വിമർശനമാണ് പിണറായി നടത്തിയത്. മർദ്ദനത്തിലൂടെ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാമെന്ന് കരുതേണ്ടതില്ലെന്നും ഗ്യാനേഷ് രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു
‘സുപ്രീം കോടതിയുടെ വാക്കുകൾക്ക് വിലകൽപ്പിക്കാൻ പോലും മോദി ഗവൺമെന്റ് സന്നദ്ധമായില്ല. ജനങ്ങളുടെ അവകാശം നിഷേധിക്കാൻ പാടില്ലെന്നും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 50 ലധികം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ, എന്താണോ മോദി സർക്കാർ നേരത്തെ നടപ്പാക്കാൻ ഉദ്ദേശിച്ചത് അതതന്നെ നടപ്പാക്കി.
സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയാണ് സുപ്രീം കോടതിയുടെ മുന്നിലേക്ക് ഈ പ്രശ്നം എത്തിച്ചത്. ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി നല്ല ഇടപെടൽ ഉണ്ടായെങ്കിലും ജനാധിപത്യത്തോട് തെല്ലും ബഹുമാനമില്ലാത്ത മോദി ഗവൺമെന്റ് അതൊട്ടും മാനിച്ചില്ല. രാജ്യ തലസ്ഥാനം പോലീസ് സ്റ്റേറ്റ് ആയി മാറിയ അവസ്ഥയാണ്. പൊലീസും രാജ്യത്തെ വിവിധ സൈനിക, അർദ്ധസൈനിക വിഭാഗങ്ങൾ എല്ലാം നിരന്നുനിന്നിട്ടുണ്ട്. വിശാലമായ ഒരു നഗരമാണല്ലോ ഡൽഹി. അവിടെ എല്ലാ കവലകളിലും നിറയെ പോലീസുകാർ. പതിനായിരക്കണക്കിനു പോലീസുകാർ നിറഞ്ഞുനിൽക്കുന്നു. സഞ്ചരിക്കാൻ സ്വാതന്ത്ര്യമില്ല. ജന്തർ മന്തറിൽ ആരും കടക്കാൻ പാടില്ല എന്നാണ് മോദിയുടെയും അമിത് ഷായുടെയും ഗവൺമെന്റിന്റെ നിലപാട്. ഗ്യാനേഷ് രാജിവെക്കുംവരെ പ്രക്ഷോഭം തുടരും’ -പിണറായി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

