ജനാധിപത്യത്തിന്റെ അടിസ്ഥാനം ഗ്രാമസഭകൾ -പ്രശാന്ത് ഭൂഷൺ
text_fieldsകൊച്ചി: ജനാധിപത്യത്തിന്റെ അടിസ്ഥാനം ഗ്രാമസഭകളിലാണെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. പഞ്ചായത്തീരാജ് ഭരണഘടന വ്യവസ്ഥകളെക്കുറിച്ചും ഗ്രാമസഭകളുടെ അവകാശ-അധികാരങ്ങളെയുംകുറിച്ചും എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തീരാജിന്റെ യഥാർഥ ശക്തി ഗ്രാമസഭകളിലാണെന്നതിനാൽ അവ ശക്തിപ്പെടുത്തണം. ഭരണഘടനയുടെ രൂപവത്കരണ സമയത്ത് അംബേദ്കറും നെഹ്റുവും പഞ്ചായത്തീരാജിനെ എതിർത്തു. ഗ്രാമീണതലത്തിലെ തീരുമാനങ്ങൾ പ്രാദേശിക പക്ഷപാതങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയായിരുന്നു ഇതിന് കാരണം. എന്നാൽ, സ്വരാജിന്റെ പ്രധാന ഉപാധിയായി പഞ്ചായത്തീരാജിനെ കണ്ട ഗാന്ധിജി അതിനെ പിന്തുണച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ നിയമപരമായ ഉടമ്പടി ഉള്ളതിനാൽ ജനവിധി നടത്താനാകില്ല. എന്നാൽ, ജീവിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാം. ഇസ്രായേലിന് മാരകായുധങ്ങൾ വിൽക്കുന്ന കേന്ദ്രസർക്കാർ നടപടി ഭരണഘടന വിരുദ്ധമാണ്. ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈകോടതി റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ഫാ. ഡോ. ആൻറണി തോപ്പിൽ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത് പങ്കെടുത്തു. കോളജിലെ നാഷനൽ സർവിസ് സ്കീം, സാമ്പത്തികശാസ്ത്ര വിഭാഗം, കോർപറേഷന്റെ യൂ കാൻ ഹീൽ കൊച്ചി, കേരള സിവിൽ സൊസൈറ്റി, എഡ്രാക് എന്നീ സംഘടനകൾ സംയുക്തമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

