ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നയാളെ വിട്ടയച്ചത് സാമൂഹിക നീതിയോടുള്ള വെല്ലുവിളി -ഡോ. വത്സൻ എബ്രഹാം
text_fieldsകുമ്പനാട്: കുഷ്ഠരോഗികളുടെയും വേദനിക്കുന്നവരുടെയും ഉദ്ധാരണത്തിനു വേണ്ടി കരുണയോടെ പ്രവർത്തിച്ച ജീവകാരുണ്യ പ്രവർത്തകനും മനുഷ്യസ്നേഹിയുമായ ഗ്രഹാം സ്റ്റൈയിൻസിനെയും അദ്ദേഹത്തിന്റെ രണ്ടു ആൺമക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി മഹേന്ദ്ര ഹെമ്പ്രാമിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് വിട്ടയച്ച ഒഡീഷ സംസ്ഥാന സർക്കാരിന്റെ നടപടിയെ ഇന്ത്യൻ പെന്തക്കോസ്തു ദൈവ സഭ ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാം അപലപിച്ചു. തീരുമാനത്തിൽ ആശങ്കയും വേദനയും അറിയിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങൾ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും പുനരുത്ഥാനത്തെയും ഓർക്കുന്ന ഈ പ്രത്യേക ആഴ്ചയിൽ തന്നെ ക്രൂരനായ കുറ്റവാളിയെ വിട്ടയച്ചത് ക്രൈസ്തവ സമൂഹത്തിന്റെ വേദനയും ആശങ്കകളും വർധിപ്പിക്കുന്ന നടപടിയാണ്. ഗ്രഹാം സ്റ്റെയിൻസും അവരുടെ മക്കളും സഹിച്ച ക്രൂരമരണത്തിൽ ഇന്ത്യയും ലോകവും സഭകളും ഞെട്ടിവിറച്ചതാണ്. ഈ സമയത്ത് ആ കുറ്റവാളികളെ മോചിപ്പിക്കുന്നത് സാമൂഹിക നീതിയുടെ ആത്മാവിനോടുള്ള വെല്ലുവിളിയാണ്.
ഒഡിഷ സർക്കാർ തീരുമാനം പുനപരിശോധിക്കണം. എല്ലാ മനുഷ്യരുടെയും മനസാക്ഷി ഈ വിഷയത്തിന്റെ നീതിയിലേക്കും നൈതികതയിലേക്കും ശ്രദ്ധ പതിപ്പിക്കണം. നീതിയും സത്യവും സമാധാനവും എപ്പോഴും ഉയർന്നു നിൽക്കണം. ഗ്രഹാം സ്റ്റൈൻസിന്റെ കുടുംബത്തോട് സഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുമെന്ന് ഡോ. വത്സൻ എബഹാം പറഞ്ഞു.
ഒഡിഷയിലെ മനോഹർപുർ ഗ്രാമത്തിൽ 1999 ജനുവരി 22ന് അർധരാത്രിയാണ് കുഷ്ഠരോഗികളെ പരിചരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ആസ്ട്രേലിയന് സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും (58) മക്കളായ തിമോത്തി (10), ഫിലിപ്പ് (ഏഴ്) എന്നീ മക്കളെയും ജീവനോടെ കത്തിച്ചു കൊന്നത്. മനോഹർപുർ ഗ്രാമത്തിൽ പള്ളിക്കു മുന്നിൽ നിർത്തിയ വാഹനത്തിൽ വിശ്രമിക്കുകയായിരുന്നു സ്റ്റെയിൻസും രണ്ട് മക്കളും. ജയ്ഹനുമാൻ വിളിച്ചെത്തിയ സംഘം ഇവരെ വാഹനത്തിനുള്ളിലിട്ട് കത്തിച്ചു. ഭാര്യ ഗ്ലാഡിസും മകൾ എസ്തറും കൂടെയില്ലാത്തതിനാൽ രക്ഷപ്പെട്ടു.
25 വർഷമായി ജയിലിൽ തുടരുന്ന കേസിലെ പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമിനെ (50) നല്ലനടപ്പ് പരിഗണിച്ച് മോചിപ്പിക്കാനാണ് സംസ്ഥാന തടവ് അവലോകന ബോർഡ് തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഹെംബ്രാം ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

