സ്കൂൾ വാഹനങ്ങളിൽ ജൂലൈ മുതൽ ജി.പി.എസ് നിരീക്ഷണം
text_fieldsകൊച്ചി: സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോേട്ടാർ വാഹന വകുപ്പ് ജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പാക്കുന്നു. ആദ്യപടിയായി ജൂലൈയോടെ സ്കൂൾ വാഹനങ്ങളിൽ സംവിധാനം നിലവിൽ വരും. ഇതിന് സോഫ്റ്റ്വെയർ നവീകരണം അടക്കം പ്രാഥമിക നടപടി പൂർത്തിയായി. വാഹന നിരീക്ഷണത്തിന് സർക്കാർതലത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
ജില്ലതലങ്ങളിലെ മിനികൺട്രോൾ റൂമുകളും തിരുവനന്തപുരത്ത് മോേട്ടാർ വാഹന വകുപ്പ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമും വഴി വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വേഗം, റൂട്ട്, നിയമലംഘനങ്ങൾ എന്നിവ ഇതുവഴി നിരീക്ഷിക്കാനാകും. വാഹനം അപകടത്തിൽപെട്ടാൽ ഉടൻ സമീപത്തെ മോേട്ടാർ വാഹന വകുപ്പിെൻറ എൻഫോഴ്സ്മെൻറ് വാഹനത്തിലും പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും സന്ദേശമെത്തും. റൂട്ട് മാറി ഒാടുന്നതും ഡ്രൈവറുടെ പെരുമാറ്റവുമടക്കം കാര്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനമുണ്ട്. വേഗപരിധി വിട്ടാൽ അലാറം ശബ്ദിക്കുകയും വാഹന ഉടമക്ക് സന്ദേശവും എത്തും. വേഗം കുറക്കാൻ ഉടമക്ക് ഡ്രൈവറോട് ആവശ്യപ്പെടാം. ഇതുണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട ആർ.ടി.ഒ, കൺട്രോൾ റൂം എന്നിവിടങ്ങളിൽ സന്ദേശമെത്തും. ഒാരോ ബസിലും നാല് എമർജൻസി ബട്ടൻ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർ ഇൗ ബട്ടൻ അമർത്തിയാൽ സമീപത്തെ പൊലീസ് സ്റ്റേഷനിലും എൻഫോഴ്സ്മെൻറ് വാഹനത്തിലും കൺട്രോൾ റൂമിലും വിവരമെത്തും. ടാക്സി കാറുകളിൽ ഇത്തരം രണ്ട് ബട്ടനാണ് ഉണ്ടാവുക.
വാഹനങ്ങളിൽ സ്ഥാപിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് (വി.എൽ.ടി) യൂനിറ്റുകൾ വഴിയാണ് സംവിധാനം നടപ്പാക്കുന്നത്. ചെലവ് വാഹന ഉടമകൾ വഹിക്കണം. അംഗീകൃത വി.എൽ.ടി ബ്രാൻഡുകളുടെ പട്ടിക വകുപ്പ് പുറത്തിറക്കും. റോഡുകളുടെ വിശദ ഭൂപടം സഹിതമുള്ള നാവിഗേഷൻ സംവിധാനവും ഇതിനനുബന്ധമായി വാഹനത്തിലുണ്ടാകും. സ്കൂൾ വാഹനങ്ങൾക്ക് പിന്നാലെ ബസുകൾ, ട്രക്കുകൾ, ടാക്സികൾ, കരാർ വാഹനങ്ങൾ തുടങ്ങിയവയും ജി.പി.എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനാണ് മോേട്ടാർ വാഹന വകുപ്പ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
