‘പോറ്റിയേ കേറ്റിയേ’ ഗാനത്തിന് രണ്ടാം ഭാഗവുമായി ജി.പി. കുഞ്ഞബ്ദുല്ല; ഉള്ളടക്കം ജയിലിൽ നിന്ന് വാസു മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കനത്ത പരാജയത്തിന് വഴിവെച്ച ‘പോറ്റിയേ കേറ്റിയേ...’ എന്ന പാരഡിപ്പാട്ടിന് രണ്ടാം ഭാഗവുമായി ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് മലപ്പുറം ജില്ല കമ്മിറ്റിയാണ് ഗാനം പുറത്തിറക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം നേതാവും ദേവസ്വം ബോർഡ് മുൻ കമീഷണറുമായ എൻ. വാസു മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്‍റെ ഉള്ളടക്കം അടിസ്ഥാനമാക്കിയാണ് ഗാനം രചിക്കുകയെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.
പാരഡി ഗാനത്തിന്‍റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒളിച്ചോടില്ല. കേസിനെ നിയമപരമായി നേരിടും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സി.പി.എമ്മിന് പിടിച്ചു നിൽക്കാൻ ഒന്നുമില്ലാതായി. പാർട്ടിക്ക് അണികളോട് എന്തെങ്കിലും പറഞ്ഞ് പിടിച്ചു നിൽക്കണം. അതിന് കിട്ടിയ വടിയായാണ് പാട്ടിന്‍റെ മേൽ പഴിചാരുന്നത്. അല്ലാതെ ഒരൊറ്റ പാട്ട് കൊണ്ട് സി.പി.എം എന്ന കേഡർ പാർട്ടി തകർന്നു പോവില്ല. അതവർ ചിന്തിക്കണം. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും അറിയിച്ചതെന്നും ജി.പി. കുഞ്ഞബ്ദുല്ല വ്യക്തമാക്കി.
രണ്ടര മാസം മുമ്പാണ് പാരഡി ഗാനം എഴുതിയത്. താനൊരു കോൺഗ്രസുകാരനാണ്. സർക്കാറിനെതിരെ പാട്ടെഴുതി എന്നത് ശരിയാണ്. എന്നാൽ, പാട്ടിൽ മതനിന്ദയില്ല. ശബരിമല വിഷയം മാത്രമല്ല പാട്ടിൽ പ്രതിഫലിക്കുന്നത്. ആശാ പ്രവർത്തകരോട് സർക്കാർ കാണിച്ച അവഗണന, ഷാഫി പറമ്പിലിനെ തല്ലിയത്. ടി.പിയെ കൊല്ലാൻ നോക്കിയത് അടക്കമുള്ളവ പാട്ടിൽ വിവരിക്കുന്നുണ്ട്.
തെരഞ്ഞെടപ്പ് സമയത്ത് കോൺഗ്രസ് മാത്രമല്ല ബി.ജെ.പിയും പാട്ടിന്‍റെ ആദ്യ വരികൾ പ്രചരിപ്പിച്ചിരുന്നു. മണ്ഡലകാലത്ത് ശബരിമല തീർഥാടനത്തിന് പോകുന്ന ഭക്തർ ബസിൽ പാട്ട് കേട്ട് പോകുന്നതിന്‍റെ വിഡിയോ പലരും അയച്ചു തന്നിട്ടുണ്ടെന്നും ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു.
‘പോറ്റിയേ കേറ്റിയേ...’ പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബർ പൊലീസ് കേസെടുത്തത്. പാരഡിപ്പാട്ടിന്‍റെ അണിയറ ശിൽപ്പികളായ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരെ പ്രതി ചേർത്താണ് ബുധനാഴ്ച തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പ്രസാദിന്‍റെ പരാതിയിൽ ഗാനരചയിതാവിന്‍റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാൽ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേർത്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്തി മതസൗഹാർദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിർമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
നവമാധ്യമങ്ങൾ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തിൽ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിർമിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തർക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകൾ ചുമത്തി കേസെടുത്തത്.
സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. തുടർന്ന് കേരള പൊലീസിന്റെ സൈബർ ഓപറേഷൻ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അയ്യപ്പന്‍റെ പേര് പരാമർശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിലും വിജയാരവത്തിലും നിറഞ്ഞുനിന്ന പാരഡിഗാനത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ ഇത് ചട്ടലംഘനമെന്നും കമീഷനെ സമീപിക്കുമെന്നും സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി രാജു ഏബ്രഹാം വ്യക്തമാക്കി.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് സി.പി.എം നീക്കമെന്നാണ് സൂചന. വിഷയം വിവാദമായതോടെ കൂടുതൽപേർ പാട്ട് കാണാൻ ഇടയായെന്ന ആക്ഷേപവും പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

