കാട്ടുപന്നികളെ കൊല്ലാൻ അധികാരം നൽകിയ സർക്കാർ നടപടി നിയമാനുസൃതമല്ല -ഹൈകോടതി
text_fieldsകൊച്ചി: ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന മേധാവികൾക്ക് അധികാരം നൽകിയ സർക്കാർ നടപടി നിയമാനുസൃതമല്ലെന്ന് ഹൈകോടതി. സർക്കാർ ഉത്തരവ് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് സംശയമുണ്ടെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന ചുമതല നൽകിയത് സംബന്ധിച്ച ഉത്തരവിൽ വ്യക്തത വേണം. മറ്റ് വന്യജീവികളും ജനവാസ കേന്ദ്രങ്ങളിൽ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സർക്കാർ വ്യക്തവും സമഗ്രവുമായ നയം രൂപവത്കരിക്കുന്നതാണ് ഉചിതമെന്നും ഇക്കാര്യത്തിൽ സർക്കാർ രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
മനുഷ്യ-വന്യജീവി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന ചുമതല നൽകിയ നടപടിക്കെതിരെ സന്നദ്ധ പ്രവർത്തകരായ എം.എൻ. ജയചന്ദ്രൻ, പ്രീതി ശ്രീവൽസൻ എന്നിവരുന്നയിച്ച ആവശ്യമാണ് കോടതി പരിഗണിച്ചത്.
മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളുടെ എണ്ണം പെരുകാതെ നിയന്ത്രിക്കേണ്ടതാണെങ്കിലും തോക്ക് ലൈസൻസുള്ള ചിലരെ തദ്ദേശസ്ഥാപന മേധാവികൾ ഇതിനായി നിയോഗിക്കുന്ന രീതിയാണ് നിലവിൽ.
നിയമത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോ വാർഡൻ ചുമതലപ്പെടുത്തുന്ന നിശ്ചിത യോഗ്യതയുള്ളയാളോ അനുമതി നൽകണമെന്നാണ് പറയുന്നത്. കാട്ടുപന്നികളെ വെടിവെക്കാൻ എല്ലാവർക്കും അനുമതി നൽകാനാവില്ല. ശ്രദ്ധയോടെ എടുക്കേണ്ട തീരുമാനമാണത്. ഇതിനുള്ള നടപടികൾ നിയമപ്രകാരമായിരിക്കണം. ഇങ്ങനെ നൽകുന്ന ചുമതല ദുരുപയോഗപ്പെടുത്താനും തോക്കുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധ്യതയുണ്ട്.
ചുമതലപ്പെടുത്തുന്നവരുടെ യോഗ്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനാവുന്നതെങ്ങനെയെന്ന് സർക്കാർ അറിയിക്കണം. കൊല്ലുന്ന വന്യമൃഗങ്ങളുടെ ശരീരം കണ്ടെത്തി നശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കാട്ടുപന്നികളടക്കം വന്യജീവികളെ ആകർഷിക്കുന്ന പ്ലാവ്, പൈനാപ്പിൾ, കിഴങ്ങ് കൃഷികൾ വനാതിർത്തിയോട് ചേർന്ന് ചെയ്യുന്നത് ഒഴിവാക്കലാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

