ചരിത്രം വെട്ടിമാറ്റാനുള്ള ശ്രമങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം -മുജാഹിദ് സമ്മേളനം
text_fieldsകോഴിക്കോട്: മാനവ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ കുറിച്ചുള്ള സംവാദം കൊണ്ട് സമ്പന്നമായി മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനം. കോഴിക്കോട് സ്വപ്ന നഗരിയിലൊരുക്കിയ സലഫി നഗറിലേക്ക് ശനിയാഴ്ച ഒഴുകിയെത്തിയത് പതിനായിരങ്ങൾ.
വ്യത്യസ്ത ആശയധാരകളിലുള്ളവർ 20ഓളം സെഷനുകളിൽ സംസാരിച്ചു. രാജ്യത്തിന്റെ ചരിത്രം വെട്ടിമാറ്റാനുള്ള ശ്രമങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ കൊണ്ടാണ് ഇന്ത്യ സമ്പന്നമാകുന്നത്. വിവിധ രാജവംശങ്ങളുടെ സ്വാധീനം ഇന്ത്യയില്‍ എത്രത്തോളമുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നു.
ചരിത്ര യാഥാർഥ്യങ്ങള്‍ വെട്ടിമാറ്റുന്നത് അനീതിയാണ്. സ്ഥലനാമങ്ങള്‍ ആ നാട്ടിലെ ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും സ്ഥലനാമങ്ങള്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി മാറ്റുന്നത് ജനതയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേൽപ്പിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ചരിത്രത്തോട് നീതിപുലര്‍ത്താന്‍ ഭരണകര്‍ത്താക്കളും ചരിത്രാന്വേഷികളും തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ ഭാഷകളെ ഇല്ലാതാക്കാനുള്ള പദ്ധതിയായി മാറരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയെ ഒറ്റ ഭാഷയിലേക്ക് ചുരുക്കുന്നതും ഭാഷകള്‍ അടിച്ചേല്‍പിക്കുന്നതും അങ്ങേയറ്റം അപലപനീയമാണ്.
ഇമ്രാൻ പ്രതാപ് ഗഢി എം.പി (മഹാരാഷ്ട്ര) ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി, നജീബ് കാന്തപുരം എം.എൽ.എ, പി.കെ. ബഷീർ എം.എൽ.എ, ഫാ. റോയ് വിക്ടർ, സ്വാമി നരസിംഹാനന്ദ, രാഹുൽ ഈശ്വർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദലി പാറക്കടവ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

