കശുവണ്ടി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഒടുവിൽ സര്‍ക്കാര്‍ അനുമതി; പ്രതികളെ കുറ്റപ്പെടുത്താൻ ന്യായമില്ലെന്ന് അന്ന് പിണറായി
text_fieldsകൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സി.ബി.ഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകി സംസ്ഥാന സർക്കാർ. കേസിലെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെ, അനുമതി ഉത്തരവ് കോടതിക്ക് കൈമാറും.
അഴിമതിക്കേസിൽ പ്രതികളായ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനെയും മുന്‍ എം.ഡി കെ.എ. രതീഷിനെയും പ്രൊസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഉത്തരവ് മന്ത്രിസഭ തീരുമാനത്തിനുശേഷം കഴിഞ്ഞ രാത്രിയാണ് പുറപ്പെടുവിച്ചത്. കൊല്ലത്തെ ഐ.എന്‍.ടി.യു.സി നേതാവ് കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈകോടതിയിൽ നിലനിൽക്കുന്നത്.
സി.ബി.ഐ കുറ്റപത്രം നല്‍കിയ കേസില്‍ ആര്‍. ചന്ദ്രശേഖരന് പിണറായി സര്‍ക്കാര്‍ മൂന്നുതവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. പ്രതികളെ കുറ്റപ്പെടുത്താൻ ന്യായമില്ലെന്നും സി.ബി.ഐ കണ്ടെത്തലുകൾ ശരിയല്ലെന്നുമാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയായിരിക്കെ പിണറായി വ്യക്തമാക്കിയത്. സർക്കാറിനു ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അനുമതി നൽകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 18 വര്‍ഷമായി താൻ നടത്തിയ പോരാട്ടം വിജയം കണ്ടുവെന്ന്, പ്രോസിക്യൂഷൻ അനുമതിയോട് കടകംപള്ളി മനോജ് പ്രതികരിച്ചു. ഭരണമാറ്റം ഇതിൽ വലിയൊരു ഘടകമായിട്ടുണ്ട്. പ്രോസിക്യൂഷന്‍ അനുമതി നൽകണമെന്ന് കോണ്‍ഗ്രസില്‍ തന്നെ പല നേതാക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് അറിഞ്ഞതെന്നും മനോജ് വ്യക്തമാക്കി.
പ്രോസിക്യൂഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളാണ് കേസിനാധാരം. അമിതവിലയിൽ ഇറക്കുമതി ചെയ്ത് കോർപറേഷന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഹൈകോടതിയുടെ ഇടപെടലിനെത്തുടർന്ന് സി.ബി.ഐ ഏറ്റെടുത്ത അന്വേഷണത്തിൽ കോർപറേഷന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.
അതേസമയം, താൻ ചെയർമാനായിരുന്ന കാലത്ത് കശുവണ്ടി വികസന കോർപറേഷനിൽ അഴിമതി നടത്തിയിട്ടില്ലെന്നാണ് ആർ. ചന്ദ്രശേഖരൻ ആവർത്തിക്കുന്നത്.
തന്റെ കാലയളവിൽ 224 കോടി രൂപയുടെ ബിസിനസ് മാത്രമാണ് നടന്നതെന്നും അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. കേരളത്തിലെ കശുവണ്ടി വ്യവസായത്തെ തകർക്കാൻ ചില വ്യവസായ ലോബികൾ ശ്രമിക്കുന്നുണ്ടെന്നും അവരാണ് കേസിന് പിന്നിലെന്നും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

