സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: കോടതിയിലെത്തിയപ്പോൾ 77 കോടി അനുവദിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശ്ശിക അനുവദിക്കാത്തതിനെതിരെ അധ്യാപക സംഘടനകൾ വീണ്ടും ഹൈകോടതിയിലെത്തിയതോടെ 77.5 കോടി രൂപ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നാല് മാസത്തെ കുടിശ്ശിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ സമർപ്പിച്ച ഹരജി വെള്ളിയാഴ്ച ഹൈകോടതിയുടെ പരിഗണനക്ക് വന്നതോടെയാണ് തുക 77.5 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പദ്ധതിക്കായുള്ള നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ പണം അനുവദിക്കാത്തതിനാൽ പ്രധാന അധ്യാപകർ കടക്കെണിയിലാണെന്നും പരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് ഹൈകോടതിയുടെ പരിഗണനക്ക് വന്നത്.
ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതമായ 37.96 കോടി രൂപയും സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ സംസ്ഥാന വിഹിതമായ 35.04 രൂപയും ചേർത്ത് 73.01 കോടി രൂപയും സംസ്ഥാനം അധിക സഹായമായി അനുവദിച്ച 4.58 കോടി ചേർത്താണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് തുക റിലീസ് ചെയ്തത്. തുക ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടുകളിലേക്ക് വൈകാതെ വിതരണം ചെയ്യും. മാസങ്ങൾക്ക് മുമ്പ് പദ്ധതിയിൽ കുടിശ്ശിക വന്നപ്പോഴും കെ.പി.എസ്.ടി.എയും ഹെഡ്മാസ്റ്റർമാരുടെ സംഘടനയും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്.
കേന്ദ്രവിഹിതം സമയബന്ധിതമായി ലഭിക്കാത്തതാണ് തുക വിതരണം ചെയ്യുന്നതിന് പ്രതിസന്ധിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എന്നാൽ നേരത്തെ അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാത്തതാണ് വിഹിതം വൈകാൻ വഴിവെക്കുന്നതെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

