സർവേ നമ്പറിലെ തെറ്റ് തിരുത്താൻ ഇടുക്കിയിലെ തഹസിൽദാർമാർക്ക് നിർദേശം
text_fieldsതിരുവനന്തപുരം: ഇടുക്കിയിലെ ഏതാനും വില്ലേജുകളിൽ പട്ടയത്തിൽ തെറ്റായി രേഖപ്പെടുത്തിയ സർവേ നമ്പർ ആവശ്യാനുസരണം തിരുത്തിക്കൊടുക്കാൻ തഹസിൽദാർമാർക്ക് നിർദേശം. 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച പട്ടയങ്ങളിലെ വസ്തുവിെൻറ സർവേ നമ്പറിലെ പിശകുകൾ ഉചിതമായി തിരുത്തി നൽകാൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് പ്രത്യേക ഉത്തരവിറക്കിയത്. കർശനമായ പരിശോധന നടത്തിയും കൃത്യമായി ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലുമാകണം പട്ടയത്തിലെ സർവേ നമ്പറിൽ തഹസിദാർ തിരുത്തൽ വരുത്തേണ്ടത്. തഹസിൽദാറുടെ തിരുത്തലുകൾ കലക്ടർ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് ഇടപെടണമെന്നും ഇല്ലെങ്കിൽ അച്ചടക്കനടപടി ഉണ്ടാവുമെന്നും ഉത്തരവിൽ പറയുന്നു.
വസ്തുവിെൻറ യഥാർഥ സർവേ നമ്പറും പട്ടയം കൈവശംവെച്ചനുഭവിക്കുന്നവരുടെ കൈയിലുള്ള ഭൂമിയുടെ സർവേ നമ്പറും വ്യത്യസ്തമായതിനാൽ ചിലർക്ക് സർക്കാർ സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് പരാതിയുയർന്നിരുന്നു. പട്ടയം നൽകുമ്പോൾ ഉണ്ടാവുന്ന പിഴവുമൂലം തെറ്റായ സർവേ നമ്പർ രേഖപ്പെടുത്തിയ ഭൂമിക്ക് കരമടക്കാൻ ഉടമകൾക്ക് കഴിയില്ല. റവന്യൂ ഉദ്യോഗസ്ഥർക്ക് പരിഹരിക്കാനാവാത്ത സങ്കീർണ പ്രശ്നമാണിത്. വാഗമൺ വില്ലേജിൽ ഉൾപ്പെടെ തെറ്റായ സർവേ നമ്പറിൽ നൽകിയ പട്ടയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക ഉത്തരവിറക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണറും നിർദേശംനൽകിയിരുന്നു. അതിെൻറ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവ്.
എന്നാൽ 1964ലെ ഭൂപതിവ് ചട്ടം 11,12 പ്രകാരം കലക്ടർ വരെയുള്ള റവന്യൂ അധികാരികൾക്ക് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി തീരുമാനമെടുക്കാൻ അധികാരം ഉണ്ടെന്നിരിക്കെ റവന്യൂ സെക്രട്ടറി പ്രത്യേക ഉത്തരവിറക്കിയ സാഹചര്യം ദുരൂഹമാണ്. കൈയേറ്റം മറക്കാൻ സർവേ നമ്പർ തെറ്റിയെന്ന് അവകാശപ്പെടുന്നവർ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയുയർന്നിട്ടുണ്ട്. മൂന്നാറിലെ പട്ടയങ്ങളുടെ സാധുത സംബന്ധിച്ച പരാതി ഉന്നതല സമിതി പരിശോധിക്കണമെന്ന ലാൻഡ് റവന്യൂ കമീഷണർ സജിത് ബാബു മുതൽ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരെൻറ വരെയുള്ള റിപ്പോർട്ടുകൾ അട്ടിമറിച്ചാണ് സർക്കാറിെൻറ പുതിയ ഉത്തരവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ജീഡീഷ്യൽ അധികാരമുള്ള ഉന്നതതല സമിതിക്ക് രൂപംനൽകി നാഷനൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ സഹായത്തോടെ ഉപഗ്രഹചിത്രങ്ങളക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റീസർവേ പൂർത്തീകരിക്കണമെന്ന നിർദേശവും പാലിച്ചിട്ടില്ല. വനഭൂമി, തോട്ടഭൂമി, കൃഷിഭൂമി, വാസഭൂമി എന്നിങ്ങനെ വേർതിരിക്കണമെന്ന നിർദേശവും ഇതുവരെ പാലിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ സർവേ നമ്പറിലെ തെറ്റുതിരുത്താനുള്ള നിർദേശത്തിൽ ദുരൂഹതയുണ്ടെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ആരോപണം.
എസ്. രാജേന്ദ്രന്റെ സർവേ നമ്പറും തിരുത്താമോ; റവന്യൂ ഉദ്യോഗസ്ഥർക്ക് സംശയം
തിരുവനന്തപുരം: പട്ടയത്തിൽ തെറ്റായി രേഖപ്പെടുത്തിയ സർവേ നമ്പർ തിരുത്തണമെന്ന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പട്ടയത്തിനും ബാധകമാകുമോയെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സംശയം. മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ പി.സി. ജോർജിന് ഏപ്രിൽ 28ന് നൽകിയ മറുപടി അനുസരിച്ച്, പട്ടയരേഖകളിൽ തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പർ തിരുത്തിക്കിട്ടുന്നതിനാണ് രാജേന്ദ്രൻ ഇടുക്കി കലക്ടർക്ക് അപേക്ഷ നൽകിയത്. എന്നാൽ, മൂന്നാറിലെ വ്യാജപട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി എം.എൽ.എയുടെ പേരിലുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
കലക്ടർ നടത്തിയ പരിശോധനയിലും ‘വ്യാജം’ ഉറപ്പിക്കപ്പെട്ടു. 2011 ഒക്ടോബർ 29ന് കലക്ടർ രാജേന്ദ്രെൻറ അപേക്ഷ തള്ളി. തുടർന്ന് അദ്ദേഹം ലാൻഡ് റവന്യൂ കമീഷണർക്ക് അപ്പീൽ നൽകി. 2015 ജനുവരി അഞ്ചിന് വിശദമായി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അപ്പീൽ നിരസിക്കുകയാണ് ചെയ്തത്. വ്യാജപട്ടയങ്ങളെ സംബന്ധിച്ച് റവന്യൂ, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നീ വകുപ്പുകൾ അന്വേഷണം നടത്തുകയാണ്. അതിനിടയിലാണ് പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
