സർക്കാർ തീരദേശ ജനതയോട് നീതി കാട്ടുന്നില്ല: രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കും -ലാറ്റിൻ കാത്തലിക് കൗൺസിൽ
text_fieldsമത്സ്യബന്ധനത്തിനുപോകാൻ സാധിക്കാതെ ചെല്ലാനം ഹാർബറിൽ കെട്ടിയിട്ട വള്ളങ്ങൾ
കോട്ടയം: തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാറിന്റെ സമീപനവും നിലപാടുകളും നീതിപൂർവമായിരുന്നില്ലെന്ന് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) 40ാമത് ജനറൽ അസംബ്ലി വിലയിരുത്തി.
സർക്കാർ തീരദേശ ജനതയോട് നീതി കാട്ടുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടുെവച്ച ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിൽ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ രാഷ്ട്രീയ സമീപനം പുനഃ പരിശോധിക്കും. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി ഉചിത തീരുമാനം യഥാസമയം കൈക്കൊള്ളാനും തീരുമാനിച്ചു. തീരപരിപാലനത്തിനായുള്ള സർക്കാറിന്റെ ദീർഘകാല പദ്ധതി എന്താണ് എന്ന് വ്യക്തമാക്കണം. തൊഴിലും വീടും സ്ഥലവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം, തീരശോഷണം, മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, മുതലപ്പൊഴിയുടെ നവീകരണം തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കണം- സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടുദിവസമായി വിമലഗിരി പാസ്റ്ററൽ സെന്ററിൽ നടന്നുവന്ന ജനറൽ അസംബ്ലി സമാപിച്ചു. വൈസ് പ്രസിഡന്റുമാരായ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സംസാരിച്ചു. കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ എന്നിവർ നേതൃത്വം നൽകി. കെ.ആർ.എൽ.സി.സി പ്രസിഡൻറ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, സമുദായ വക്താവ് ജോസഫ് ജൂഡ്, സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു അറക്കത്തറ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

