അട്ടപ്പാടി മധു വധക്കേസ്: പ്രതികൾക്ക് കൊലക്കുറ്റം ചുമത്തി ശിക്ഷ വർധിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ
text_fieldsന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്ക് കൂടുതല്‍ കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. നിലവിലുള്ള ശിക്ഷക്ക് പുറമെ പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തി ശിക്ഷിക്കണമെന്നാണ് സർക്കാരിന്റെ മുഖ്യ ആവശ്യം.
പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് നിലവിൽ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം നടന്നത്. ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവായ മധുവിനെ ഒരു സംഘം ആളുകൾ പിടികൂടി മുക്കാലിയിലെത്തിച്ച് ക്രൂരമായ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയാക്കുകയായിരുന്നു. ഈ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റാണ് മധു മരണപ്പെട്ടത്.
2023 ഏപ്രിലിൽ മണ്ണാർക്കാട് പ്രത്യേക കോടതി 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, 13 പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ ഹുസൈൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു.
2026 മേയിൽ പ്രതികളുടെ ശിക്ഷ വിചാരണക്കോടതി നൽകിയ ഏഴ് വർഷത്തിൽനിന്നും 12 പ്രതികൾക്ക് ജീവപര്യന്തം തടവായി കേരള ഹൈക്കോടതി ഉയർത്തി. കൂടാതെ മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. എന്നാൽ ഇതേ വിധിയിൽ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ്. ഇത് പൂർണ്ണമായ കൊലക്കുറ്റമായി കണ്ട് ശിക്ഷ ഇനിയും കർശനമാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. കൂടാതെ, ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

