സദാചാര ഗുണ്ടാ ആക്രമണത്തിൽ മരിച്ചയാളുടെ മകന് സർക്കാർ ജോലി
text_fieldsതിരുവനന്തപുരം: പാലക്കാട് പട്ടാമ്പിക്കടുത്ത് കുലുക്കല്ലൂരിൽ 2015ൽ സദാചാര ഗുണ്ടാ ആക്രമണത്തിൽ മരിച്ചയാളുടെ മകന് ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുളയങ്കാവ് മൂത്തേവീട്ടിൽ പടി പ്രഭാകരന്റെ മകന് എം.പി. പ്രവീണിനാണ് പട്ടിക ജാതി വികസന വകുപ്പിന്റെ കുഴല്‍മന്ദം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കുളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ നിയമനം നല്കാൻ തീരുമാനിച്ചത്. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി-വര്‍ഗത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്കുന്ന പദ്ധതി പ്രകാരമാണിത്.
ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, കട്ടപ്പന എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫിസുകളിലെ 174 താൽക്കാലിക തസ്തികകള്‍ക്കും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ യൂനിറ്റ് നമ്പര്‍ വണ്‍ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ 29 താൽക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി ദീര്‍ഘിപ്പിച്ച് നല്‍കിയത് മന്ത്രിസഭ സാധൂകരിച്ചു.
രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമീഷന്റെ ശിപാര്‍ശ അനുസരിച്ച് സംസ്ഥാനത്തെ വിജിലന്‍സ് ട്രൈബ്യൂണൽമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അലവന്‍സുകളും 2016 ജനുവരി ഒന്ന് പ്രാബല്യത്തില്‍ പരിഷ്കരിക്കും. മലബാര്‍ ഇന്റര്‍നാഷനല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡ് കമ്പനിയുടെ എം.ഡിയായ എല്‍. രാധാകൃഷ്ണന്റെ സേവനകാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു. ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ഏറ്റെടുക്കുന്ന കൊല്ലം, പെരിനാട് വില്ലേജിലെ വസ്തുവും തൃക്കരുവ വില്ലേജിലെ വസ്തുവും രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന് ഫീസ് ഇനങ്ങളിലുള്ള തുക ഇളവ് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

