പരുത്തി സംഭരണത്തിന് കോട്ടൺ ബോർഡ് രൂപീകരിച്ച് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 17 ടെക്സ്റ്റൈൽ മില്ലുകൾക്ക് ആവശ്യമുള്ള പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി വാങ്ങി സംഭരിക്കുന്നതിനും മില്ലുകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാർ കോട്ടൺ ബോർഡ് രൂപീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചെയർമാനും ടെക്സ്റ്റൈൽ കോർപ്പറേഷൻ, ടെക്സ്ഫെഡ് മാനേജിംഗ് ഡയറക്ടർമാർ, കൈത്തറി ഡയറക്ടർ എന്നിവർ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബർ കൺവീനറുമായ ബോർഡാണ് നിലവിൽ വന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള 17 മില്ലുകൾക്ക് ആവശ്യമുള്ള പരുത്തി, സീസൺ അടിസ്ഥാനമാക്കി കുറഞ്ഞ വിലക്ക് സംഭരിക്കുകയാണ് ബോർഡിന്റെ പ്രധാന ചുമതല. നേരത്തെ ഓരോ മില്ലും തങ്ങൾക്ക് ആവശ്യമുള്ള പരുത്തി സ്വന്തം നിലയിൽ സംഭരിക്കുകയായിരുന്നു പതിവ്. വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇതു മൂലം പലപ്പോഴും കഴിഞ്ഞിരുന്നില്ല. ബോർഡ് മുഖേന സംഭരണം നടത്തുമ്പോൾ സീസണിലെ കുറഞ്ഞ വില കണക്കാക്കി വാങ്ങാൻ കഴിയും. മില്ലുകളുടെ പ്രവർത്തന ലാഭം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ബോർഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം സർക്കാർ നൽകും. ഇതിനുശേഷം ആവശ്യമെങ്കിൽ നബാർഡ് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ തേടും. സംഭരണ സൗകര്യമുള്ള മില്ലുകളിലാണ് പരുത്തി സൂക്ഷിക്കുക. മില്ലുകളുടെ ആവശ്യപ്രകാരം വിതരണം ചെയ്യും. അസംസ്കൃത വസ്തു സംഭരണത്തിലെ പ്രശ്നങ്ങൾ മൂലം കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻ.ടി.സി മില്ലുകൾ പലതിന്റേയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. ടെക്സ്റ്റെൽ കോർപ്പറേഷന് കീഴിൽ എട്ടും സഹകരണ മേഖലയിൽ ഏഴും ഉൾപ്പെടെ 17 ടെക്സ്റ്റൈൽ മില്ലുകളാണ് വ്യവസായ വകുപ്പിന് കീഴിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

