ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസിനായി സർക്കാർ
text_fieldsതിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ നീക്കം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. സി.പി.എം നേതൃത്വവും ഇതിന് അനുമതി നൽകി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി കോടതിയെ സമീപിക്കാമെന്ന നിയമോപദേശവും സി.പി.എം അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സർക്കാറിന് കൈക്കൊള്ളാം. ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന ഗവർണർക്കെതിരെ ശക്തമായി മുന്നോട്ടുപോകാനാണ് സർക്കാറിന് നേതൃത്വം നൽകിയ നിർദേശം.
തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ ചെയ്തതുപോലെ ഗവർണർക്കെതിരെ തൽക്കാലം രാഷ്ട്രപതിയെ സമീപിക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാം. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് ഓർഡിനൻസ് കൊണ്ടുവരുന്നത് എൽ.ഡി.എഫ് ചേർന്ന് ചർച്ച ചെയ്യും. ഓർഡിനൻസിന് അംഗീകാരം ലഭിച്ചില്ലെങ്കിൽ നിയമസഭ വിളിച്ചുകൂട്ടി ബില്ലായി അവതരിപ്പിച്ച് പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗവർണർക്കെതിരെ പ്രതിപക്ഷവും നിലകൊള്ളുന്നതിനാൽ ബിൽ ഐകകണ്ഠ്യേന പാസാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ബിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ കോടതിയെ സമീപിക്കും.
സാങ്കേതിക സർവകലാശാല വി.സി നിയമനത്തിലുൾപ്പെടെ ഗവർണർ സ്വന്തം നിലക്ക് തീരുമാനമെടുത്തതിൽ സർക്കാറിന് കടുത്ത അതൃപ്തിയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണറുടെ അധികാരം ഉൾപ്പെടെ കാര്യങ്ങളിൽ നിയമോപദേശം തേടിയതും. നിയമപരമായി നീങ്ങിയാൽ ഗവർണർക്ക് തിരിച്ചടി നൽകാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ. അതിനനുസരിച്ച് കരുതലോടെയാകും സർക്കാർ നീക്കം. ഗവർണർ വിഷയത്തിൽ സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും സി.പി.എം നേതൃത്വവും അംഗീകാരം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

