കോടിയേരിക്കെതിരായ ഫേസ്ബുക്ക് പ്രചാരണം; സർക്കാർ ജീവനക്കാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റ് ഷെയർ ചെയ്ത അംഗപരിമിതനായ സർക്കാർ ജീവനക്കാരന് സസ്പെൻഷൻ. കെവിൻറെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഷെയർ ചെയ്തത്.
കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥ സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ നേതാവും പൊതുമരാമത്ത് വകുപ്പ് ബിൽഡിങ്സ് സബ്ഡിവിഷനിലെ ഹെഡ് ക്ലർക്കുമായ മധുവിനെതിരെയാണ് നടപടി.
പൊതുമരാമത്ത് മന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് പൊതുമരാമത്ത് ചീഫ് എൻജിനീയർ (പൊതുഭരണം) സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് മധുവിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് മധു പ്രതികരിച്ചു.
