പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് പണം നൽകില്ല; നിയമനടപടി സ്വീകരിക്കും -കരാറുകാരുടെ സംഘടന
text_fieldsകൊച്ചി: പാലാരിവട്ടം പാലം മാറ്റിപ്പണിയുന്നതിന് പണം നൽകില്ലെന്ന് കരാറുകാരുടെ സംഘടനയായ ഗവൺമെന്‍റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് കണ്ണമ്പള്ളി. നിലവിലുള്ള പാലത്തിന്‍റെ കരാർ വ്യവസ്ഥയും ഡിസൈനും മാറ്റിയാൽ പണം നൽകേണ്ട ബാധ്യത കരാറുകാരനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലം പൊളിച്ച് പണിയുന്നതിനുള്ള പണം സർക്കാർ ആവശ്യപ്പെട്ടാൽ നിയമനടപടി സ്വീകരിക്കും. പാലത്തിന്‍റെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ബാധ്യത കരാറുകാരനുണ്ട്. ഒരു നിർമാണത്തിൽ നഷ്ടം ഇടാക്കണമെങ്കിൽ അതേ കരാർ വ്യവസ്ഥയിൽ റീടെണ്ടർ ചെയ്യണം.
കോൺട്രാക്ടറുടെ ബാധ്യതയെ കുറിച്ച് സുപ്രീംകോടതി ഒന്നും പറഞ്ഞിട്ടില്ല. പാലത്തിന്‍റെ വൈകല്യം പരിഹരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. അതിന് കരാറുകാരൻ സഹകരിക്കണം. പാലം നിർമിച്ച് മൂന്നു വർഷത്തിനുള്ളിലെ തകരാർ പരിഹരിക്കാൻ കരാറുകാരൻ സന്നദ്ധനാണ്.
അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിൽ വന്ന് മികച്ച റോഡുകൾ നിർമിച്ച പതിബെൽ കോൺട്രാക്ടർ ആത്മഹത്യ ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. അവസാനം അടങ്കൽ തുകയെക്കാൾ കൂടുതൽ തുക ആത്മഹത്യ ചെയ്ത കരാറുകാരന് നൽകി കേരള സർക്കാറിന് പ്രശ്നം പരിഹരിക്കേണ്ടി വന്നുവെന്നും വർഗീസ് കണ്ണമ്പള്ളി മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.