ഗവർണറുടെ മിഠായിത്തെരുവ് സന്ദർശനം; ഒരു മണിക്കൂർ മുമ്പാണ് സ്പെഷൽ ബ്രാഞ്ചുപോലും വിവരം അറിഞ്ഞത്
text_fieldsകോഴിക്കോട് മിഠായിതെരുവ് സന്ദർശിക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു
കോഴിക്കോട്: പൊലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച്, പ്രോട്ടോകോൾ കാറ്റിൽ പറത്തി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപ്രതീക്ഷിതമായി കോഴിക്കോട് നഗരം കാണാൻ ഇറങ്ങിയതോടെ സുരക്ഷയൊരുക്കി പൊലീസ് കുഴങ്ങി. അതീവ സുരക്ഷ അർഹിക്കുന്ന സെഡ് പ്ലസ് കാറ്റഗറിയിലുള്ള ഗവർണർ സന്ദർശന സ്ഥലം പോലും കൃത്യമായി വ്യക്തമാക്കാതിരുന്നത് പൊലീസിന് തലവേദനയായി. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാതെ പെട്ടെന്ന് എത്തിയ ഗവർണർ, വിളിക്കുന്ന കടകളിലേക്കെല്ലാം ഓടിക്കയറിയതും പൊലീസിനെ വലച്ചു.
താന് തെരുവിലിറങ്ങുമെന്നും തനിക്ക് സുരക്ഷ വേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞാണ് ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽനിന്ന് ഇറങ്ങിയത്. ഇതിന് ഒരു മണിക്കൂർ മുമ്പാണ് സ്പെഷൽ ബ്രാഞ്ചുപോലും സന്ദർശനവിവരം അറിഞ്ഞത്. പിന്നീട് ചടപടേന്ന് യോഗങ്ങൾ. മിഠായിത്തെരുവിലാണോ മാനാഞ്ചിറയിലാണോ സന്ദർശനമെന്ന അവ്യക്തത പൊലീസിനെ വെട്ടിലാക്കി. സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ നഗരത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ സുരക്ഷാ സന്നാഹത്തെ വിന്യസിച്ചു. ഇരുന്നൂറിലധികം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചത്. മിഠായിത്തരുവിലും മനാഞ്ചിറയിലും പൊലീസിനെ വിന്യസിച്ച് ഗതാഗതം നിയന്ത്രിച്ചു.
രാമനാട്ടുകര, പന്നിയങ്കര ബൈപ്പാസുകളിലും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. തൊണ്ടയാട് ബൈപ്പാസിൽനിന്ന് മാവൂർ റോഡ് വഴിയാണ് ഗവർണറുടെ വാഹന വ്യൂഹമെത്തിയത്. ജനത്തിരക്കേറിയ മാനാഞ്ചിറയിലും മിഠായിത്തെരുവിലും എത്തിയ ഗവർണർ കാറിൽനിന്ന് പുറത്തിറങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന ആശങ്കയിലായി പൊലീസ് ഉന്നതർ. സന്ദർശനമറിഞ്ഞ് മാധ്യമപ്രവർത്തകരും വ്യാപാരികളും നാട്ടുകാരും എത്തിയതോടെ മിഠായിത്തെരുവ് ജനനിബിഡമായി. ഇതിനിടെ ഗവർണറുടെ സുരക്ഷ പൊലീസിന് കനത്ത വെല്ലുവിളിയുയർത്തി. വി.ഐ.പി സുരക്ഷാ സംഘവും പൊലീസുമടക്കം മൂന്നുനിര സുരക്ഷാ വലയത്തിന് നടുവിലൂടെയായിരുന്നു മിഠായിത്തെരുവിലൂടെയുള്ള നടത്തം. സായുധ കമാൻഡോകളും കൂടെയുണ്ടായിരുന്നു.
കടകളിൽനിന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്ത വ്യാപാരികൾക്ക് ഹസ്തദാനം നൽകിയും ഫോട്ടോയെടുക്കാൻ അവസരം നൽകിയും ഹൽവ കടകളിൽ കയറി ഹൽവ രുചിച്ചും ആരിഫ് മുഹമ്മദ് ഖാൻ മിഠായിത്തെരുവിലൂടെ നടന്നുനീങ്ങി. ഗവർണർക്ക് അഭിവാദ്യം അർപ്പിച്ച് പി. രഘുനാഥടക്കം ബി.ജെ.പി നേതാക്കളും യുവമോർച്ച പ്രവർത്തകരും നേരത്തേതന്നെ എത്തിയിരുന്നു. യുവമോർച്ച പ്രവർത്തകർ ‘ഭാരത് മാതാ കീ ജയ്, ഗവർണർക്ക് അഭിവാദ്യങ്ങൾ’ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചു.
മുക്കാൽ മണിക്കൂറോളം എടുത്ത നഗരം ചുറ്റൽ 1.15ന് മേലേ പാളത്ത് അവസാനിപ്പിച്ച് ഗവർണർ കാറിൽ കയറിപ്പോയശേഷമാണ് പൊലീസിന് ശ്വാസം നേരെവീണത്. വെല്ലുവിളിയുമായി എത്തിയ ഗവർണറുടെ സുരക്ഷയിൽ വീഴ്ചയൊന്നും പറ്റിയില്ലല്ലോ എന്ന ആശ്വാസത്തിലാണ് പൊലീസ്.
ഗവർണർക്കെതിരെ കാമ്പസുകളിൽ ബാനറുമായി എസ്.എഫ്.ഐ
തിരുവനന്തപുരം/കൊച്ചി: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐയുടെ ബാനറുകൾ അഴിപ്പിക്കുകയും വെല്ലുവിളി നടത്തുകയും ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർവകലാശാല, കോളജ് കാമ്പസുകളിൽ വ്യാപകമായി ബാനർ സ്ഥാപിച്ചും കോലം കത്തിച്ചും പ്രതിഷേധം. തലസ്ഥാനത്ത് കേരള സർവകലാശാല ആസ്ഥാനം, കാര്യവട്ടം കാമ്പസ്, യൂനിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, ആർട്സ് കോളജ് കാമ്പസുകളിലാണ് ഗവർണർക്ക് മുന്നറിയിപ്പോടെയുള്ള ബാനറുകൾ സ്ഥാപിച്ചത്. എറണാകുളം മഹാരാജാസ്, കാലടി ശ്രീശങ്കര കോളജ് എന്നിവിടങ്ങളിലും ബാനർ ഉയർത്തി.
‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സർ സി.പിയും തോറ്റുമടങ്ങി, എന്നിട്ടാണോ ആരിഫ് ഖാൻ...’ എന്ന് എഴുതിയ കറുത്ത ബാനർ എസ്.എഫ്.ഐക്കാർ പ്രകടനമായി എത്തിയാണ് കേരള സർവകലാശാലക്കു മുന്നിൽ സ്ഥാപിച്ചത്. ‘സർവകലാശാലകൾക്കുമേൽ വിഷവും പാൻപരാഗും തുപ്പരുത്’, ‘സി.പിയെ വെട്ടിയ നാടാണേ...’ എന്നിങ്ങനെ എഴുതിയ ബാനറുകളാണ് യൂനിവേഴ്സിറ്റി കോളജിനു മുന്നിൽ സ്ഥാപിച്ചത്. കോളജിനു മുന്നിൽ ഗവർണറുടെ കോലവും കത്തിച്ചു. ‘മിസ്റ്റർ ചാൻസലർ, നിങ്ങളുടെ വിധേയത്വം സർവകലാശാലകളോടായിരിക്കണം, സംഘ്പരിവാറിനോടാകരുത്’ എന്ന ബാനറാണ് തിരുവനന്തപുരം ഗവ. സംസ്കൃത കോളജിനു മുന്നിൽ ഉയർന്നത്. ‘മസ്തിഷ്കത്തിനു പകരം പേറുന്നത് മനുസ്മൃതിയെങ്കിൽ ചാൻസലറെ തെരുവില് ഭരണഘടന പഠിപ്പിക്കു’മെന്നും ബാനറുകളിലുണ്ട്.
എറണാകുളം മഹാരാജാസ് കോളജിലെ പ്രധാന കവാടത്തിന് മുന്നിൽ ആദ്യം രൂക്ഷമായ ഭാഷയിൽ സ്ഥാപിച്ച ബാനർ മാറ്റി ‘ഞങ്ങൾക്ക് വേണ്ടത് ചാൻസലറെയാണ്, സവർക്കറെയല്ല’ എന്ന് എഴുതിയ മറ്റൊരു ബാനർ സ്ഥാപിച്ചു. ഗവർണർക്കെതിരെ പ്രതിഷേധം ശക്തമായി തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറിയിച്ചു.
ആക്രമിക്കണമെങ്കിൽ നേരിട്ട് വരട്ടെ -ഗവർണർ
തേഞ്ഞിപ്പലം (മലപ്പുറം): തനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും ആക്രമിക്കണമെന്നുള്ളവർ നേരിട്ട് വരട്ടെയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാല കാമ്പസിൽ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സുരക്ഷയും ആവശ്യമില്ലെന്ന് ഡി.ജി.പിയെ താൻ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
തന്റെയടുത്തുനിന്ന് പൊലീസിനെ മാറ്റിനിർത്തിയാൽ, തന്റെയടുത്ത് വരരുതെന്ന് ആദ്യം എസ്.എഫ്.ഐ പ്രവർത്തകർക്ക് നിർദേശം നൽകുന്നത് മുഖ്യമന്ത്രിയായിരിക്കും. അദ്ദേഹത്തിന് ഇക്കാര്യത്തിലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. എസ്.എഫ്.ഐക്കാർ മാത്രമാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും ഗവർണർ പറഞ്ഞു. താൻ ആഭ്യന്തരമന്ത്രിയായിരുന്ന വ്യക്തിയാണ്. പൊലീസിനെ ചുമതല നിർവഹിക്കാൻ സർക്കാർ സമ്മതിക്കുന്നില്ല.
തിരുവനന്തപുരത്ത് താൻ മൂന്ന് സ്ഥലങ്ങളിൽ ആക്രമിക്കപ്പെട്ടു. എന്നാൽ, മൂന്നാമത് ആക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും അത് താൻ പുറത്തിറങ്ങിയ ശേഷമായിരുന്നെന്നും ഗവർണർ പറഞ്ഞു. കേരളീയരിൽനിന്ന് തനിക്ക് ഭീഷണിയില്ല, എല്ലാവരും തന്നെ സ്നേഹിക്കുന്നവരാണ്.
കണ്ണൂരിലെ ജനങ്ങൾ സ്നേഹമുള്ളവരാണ്. അവരെ ഭയപ്പെടുത്തും പോലെ തന്നെ ഭയപ്പെടുത്താനാവില്ല. ജനങ്ങളെയല്ല, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചത്. കണ്ണൂരിലെ സി.പി.എം ഫാഷിസത്തെയാണ് താൻ എതിർത്തത്. ദശാബ്ദങ്ങളായി കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകുന്ന ആളാണ് കാലിക്കറ്റ് സർവകലാശാലയിൽ അക്രമത്തിന് നേതൃത്വം നൽകുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിനു മുന്നിൽ ഗവർണർക്കെതിരെ ബാനർ കെട്ടാൻ പ്രകടനമായെത്തുന്ന എസ്.എഫ്.ഐ പ്രവർത്തകർ
പൊലീസിനെ പുകഴ്ത്തി ഗവർണർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷ വിമർശനം ചൊരിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നിലപാടിൽ മലക്കം മറിഞ്ഞു. രാവിലെ കാമ്പസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിച്ചപ്പോൾ പൊലീസിനെ തലോടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലാണ് കാലിക്കറ്റ് കാമ്പസിൽ പൊലീസ് നിഷ്ക്രിയമാകാൻ കാരണം. പൊലീസിനെതിരെ തനിക്ക് ഒരു പരാതിയുമില്ലെന്നും ഗവർണർ പറഞ്ഞു.
‘വിദ്യാർഥികളല്ല, ഗുണ്ടാസംഘം’
തേഞ്ഞിപ്പലം: തനിക്കെതിരെ തിരിയുന്നവർ വിദ്യാർഥികളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞയച്ച ഗുണ്ടാസംഘമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 200ൽ താഴെ മാത്രമുള്ള എസ്.എഫ്.ഐ ക്രിമിനലുകളാണ് തനിക്കുനേരെ കുപ്രചാരണമഴിച്ചുവിടുന്നത്. എസ്.എഫ്.ഐ മാത്രമാണോ വിദ്യാർഥികളായുള്ളത്. മറ്റുള്ളവർ വിദ്യാർഥികളല്ലേ. എസ്.എഫ്.ഐ വിദ്യാർഥി സംഘടനയല്ല, ഗുണ്ടാ, കൊലപാതക സംഘമാണെന്നും ഗവർണർ പറഞ്ഞു.
ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടേണ്ടിവരും -മുഖ്യമന്ത്രി
കൊല്ലം: ഗവര്ണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സര്ക്കാറിനോട് ആവശ്യപ്പെടേണ്ടിവരുന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെത്തന്നെ ആക്ഷേപിക്കുകയാണ് ഗവർണർ. പ്രതിഷേധിക്കുന്നവർക്കെതിരെ പാഞ്ഞടുക്കുന്നു. ഇത് രാജ്യചരിത്രത്തിൽ തന്നെ ഇല്ലാത്ത കാര്യമാണ്. നവകേരള സദസ്സിന്റെ ഭാഗമായി കൊട്ടാരക്കരയിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുപകരം എന്തും വിളിച്ചുപറയാവുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ബോധപൂർവമാണ് ഗവർണർ പ്രകോപനം സൃഷ്ടിക്കുന്നത്. നാട്ടിൽ കലുഷിത അന്തരീക്ഷമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇങ്ങനെയൊരു വ്യക്തി സാധാരണ നില വിട്ട് പെരുമാറുകയാണ്. ഗവർണർ കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന സർക്കാറിന് ആരോപണമായി ഉന്നയിക്കേണ്ടിവരും. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയക്കേണ്ടതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സെമിനാറിൽനിന്ന് വിട്ടുനിന്ന് കാലിക്കറ്റ് വി.സി
തേഞ്ഞിപ്പലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടകനായ സെമിനാറിൽനിന്ന് കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് വിട്ടുനിന്നു. സർവകലാശാല സനാതന ധർമപീഠം സംഘടിപ്പിച്ച സെമിനാറിലെ അധ്യക്ഷനായിരുന്നു വി.സി. ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ വിശദീകരണം. സെമിനാറില് വി.സിക്ക് പകരം അധ്യക്ഷത വഹിച്ച സ്വാമി ചിദാനന്ദപുരി വി.സിയുടെ അഭാവത്തെക്കുറിച്ച് പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.
വി.സി എത്താത്തത് കാര്യമാക്കുന്നില്ല-ഗവർണർ
തേഞ്ഞിപ്പലം: സനാതന ധർമ ചെയർ സെമിനാറിന് കാലിക്കറ്റ് വി.സി വരാത്തത് കാര്യമാക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി.സിക്ക് വരാം, വരാതിരിക്കാം, അത് താൻ വിഷയമാക്കുന്നില്ല- ഗവർണർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

