ഗവർണറുടെ നിയമോപദേശകർ രാജിവെച്ചു; പിന്നാലെ പുതിയയാളെ നിയമിച്ചു
text_fieldsകൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേശകനായ സീനിയർ അഭിഭാഷകൻ അപ്രതീക്ഷിതമായി തൽസ്ഥാനം രാജിവെച്ചു. നിയമോപദേശം നൽകുകയും ഹൈകോടതിയിലടക്കം ഗവർണർക്കുവേണ്ടി കേസുകളിൽ ഹാജരാവുകയും ചെയ്യുന്ന മുതിർന്ന അഭിഭാഷകൻ ജാജു ബാബുവാണ് രാജിവെച്ചത്. സർവകലാശാലകളുടെ ചാൻസലറെന്ന നിലയിൽ ഗവർണറുടെ സ്റ്റാൻഡിങ് കോൺസലായി പ്രവർത്തിക്കുന്ന, ജാജു ബാബുവിന്റെ ഭാര്യ എം.യു. വിജയലക്ഷ്മിയും സ്ഥാനമൊഴിഞ്ഞു. ഇരുവരും ചൊവ്വാഴ്ച ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു.
'താങ്കൾക്ക് കൂടി അറിയാവുന്ന കാരണങ്ങളാൽ സ്ഥാനമൊഴിയാൻ സമയമായി' എന്നാണ് കത്തുകളിലുള്ളത്. വൈസ് ചാൻസലർമാരും കേരള സർവകലാശാല സെനറ്റ് അംഗങ്ങളും നൽകിയ ഹരജികളിലും കേരള സാങ്കേതിക സർവകലാശാല വി.സി നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജികളിലുമടക്കം ചൊവ്വാഴ്ചയും ഇരുവരും ഹൈകോടതിയിൽ ഗവർണർക്കുവേണ്ടി ഹാജരായിരുന്നു. ഇതിന് പിന്നാലെ വൈകീട്ടാണ് രാജി സമർപ്പിച്ചത്.
ജാജു ബാബുവും വിജയലക്ഷ്മിയും 2009 ഫെബ്രുവരി ആറ് മുതൽ തൽസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുകയാണ്. നിയമോപദേശകനാക്കിയതിൽ ഗവർണർക്കും സഹകരണത്തിൽ ഗവർണറുടെ ചീഫ് സെക്രട്ടറിയടക്കം ഉദ്യോഗസ്ഥർക്കും ഇരുവരും കത്തിൽ നന്ദി അറിയിച്ചിട്ടുമുണ്ട്. അതേസമയം, രാജിയുടെ കാരണം മാധ്യമങ്ങളോട് വ്യക്തമാക്കാൻ ജാജു ബാബു തയാറായില്ല. അതേസമയം, ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വ. എസ്. ഗോപകുമാരൻ നായരെ ഗവർണറുടെ പുതിയ നിയമോപദേഷ്ടാവായി നിയമിച്ചു.
രാജ്ഭവനിൽനിന്ന് ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. അഡ്വ. ജാജു ബാബു രാജിവെച്ച ഒഴിവിലാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

