കേരള നിയമസഭയിലെ ബി.ജെ.പിയുടെ ശൂന്യതക്ക് പകരക്കാരനാവാനാണ് ഗവർണറുടെ ശ്രമം -സി.പി.ഐ
text_fieldsതിരുവനന്തപുരം: മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുക മാത്രമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഏക ലക്ഷ്യമെന്ന് സി.പി.ഐ. മുഖപത്രമായ ജനയുഗത്തിലെഴുതിയ എഡിറ്റോറിയലിലാണ് സി.പി.ഐ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിക്കുന്നത്. സംഘ്പരിവാറിനോടുള്ള തന്റെ പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും തെളിയിക്കാനുള്ള അവസരങ്ങൾ തേടുകയാണ് ഗവർണർ ചെയ്യുന്നതെന്നും സി.പി.ഐ കുറ്റപ്പെടുത്തുന്നു.
രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെതിരെ നീങ്ങുന്നത് പരിവാറിന്റെ നല്ല പ്രജകളുടെ പട്ടികയിൽ ഇടം നേടാനുള്ള എളുപ്പവഴിയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനായി ഏതൊരു നിലവാരത്തകർച്ചയും സ്വീകാര്യമായിരിക്കുന്നു. 2019ൽ കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ഒരു സെമിനാറിനെക്കുറിച്ചാണ് പുതിയ വിവാദം. സർവകലാശാല വൈസ് ചാൻസലറെ 'ക്രിമിനൽ' എന്ന് വിളിച്ച് ആക്രോശിക്കാൻ ആരിഫ് മുഹമ്മദ് ഖാന് ഒരു മടിയുമുണ്ടായില്ല. രാജ്യാന്തരതലത്തിൽ പ്രശസ്തനായ ചരിത്രകാരൻ ഡോ. ഇർഫാൻ ഹബീബും ഗവർണറുടെ ആക്രമണത്തിന് ഇരയായി. കേരള നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ബിജെപിയുടെ ശൂന്യതയ്ക്ക് പകരമാകാനാണ് ഗവർണറുടെ ശ്രമമെന്ന് സി.പി.ഐ കുറ്റപ്പെടുത്തി.
ഗവർണറുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് അദ്ദേഹത്തിന്റെ നടപടികൾ ഉപയോഗപ്രദമായിരിക്കാം, പക്ഷേ വഹിക്കുന്ന പദവിക്ക് അത് യോഗ്യമല്ല. രാജ്യം ഗവർണർ പദവിയുടെ പ്രസക്തിയെക്കുറിച്ച് പതിറ്റാണ്ടുകളായി ചർച്ച ചെയ്തിട്ടുണ്ട്. ആർഎസ്എസ്-ബിജെപി സംഘം അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഏകാധിപത്യ പ്രവണത പതിന്മടങ്ങ് വളർന്നു. ഗവർണർമാരിൽ ഭരണഘടനാ വിരുദ്ധമായ ധാർഷ്ട്യത്തിന് ഇത് കാരണമായി. ഇത്തരം പശ്ചാത്തലത്തിൽ, ഗവർണർ പദവിയുടെ പ്രസക്തി എന്ത് എന്ന ചോദ്യം കൂടുതൽ ഗൗരവത്തോടെ വീണ്ടുമുയരുകയാണെന്നും സി.പി.ഐ മുഖപത്രത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

