സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് ഗവർണറുടെ അനുമതി
text_fieldsതിരുവനന്തപുരം: 2023 -ലെ കേരള സ്വകാര്യവനങ്ങള്‍ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബില്ലിന് കേരള ഗവര്‍ണ്ണര്‍ അനുമതി നല്‍കി. നിയമസഭ പാസാക്കിയവയില്‍ അനുമതി നല്‍കാതെ വച്ചിരുന്ന ബില്ലുകളില്‍ ഒന്നായിരുന്നു ഈ ബില്‍. ഈ വിഷയത്തില്‍ 2020 മേയ് മാസം ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും പിന്നീട് ആറ് തവണ ഓര്‍ഡിനന്‍സ് പുനര്‍ വിളംബരം ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നെങ്കിലും അതിന് പകരമുള്ള ബില്‍ നിയമസഭയില്‍ പാസാക്കുന്നതിന് സാധിച്ചിരുന്നില്ല. സുപ്രീംകോടതി വിധി പ്രകാരം സ്വകാര്യ വനഭൂമിയുടെ കാര്യത്തിലും ഭൂ പരിഷ്‌കരണ നിയമപ്രകാരം നല്‍കിയ പട്ടയം, ആധികാരിക രേഖയാണെന്ന് വിധിച്ചിരുന്നു. ഈ വിധി സംസ്ഥാനത്തെ സ്വകാര്യവനങ്ങളില്‍പെട്ട നിബിഡ വനങ്ങളില്‍ ഏറിയപങ്കും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ബഹുഭൂരിപക്ഷത്തിലും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാവുമെന്നും സര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു.
20,000 ഹെക്ടര്‍ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമ നിർമാണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ സ്വകാര്യ വനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വനഭൂമി സ്വകാര്യ വനഭൂമി ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ 1971-ലെ സ്വകാര്യ വനങ്ങള്‍ നിക്ഷിപ്തമാക്കല്‍ നിയമപ്രകാരമുള്ള ഫോറസ്റ്റ് ട്രിബ്യൂണലുകള്‍ക്കാണ് അധികാരം.
ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ജന്മി-കുടിയാന്‍ ബന്ധമുള്ള കേസുകളില്‍ മാത്രമാണ് പട്ടയം നല്‍കാവുന്നത്. അതിന് മാത്രമാണ് ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് അധികാരമുള്ളത്. വന ഭൂമിക്ക് പട്ടയം നല്‍കാന്‍ ലാന്‍ഡ് ട്രിബ്യൂണലുകള്‍ക്ക് അധികാരമില്ല. ഈ വ്യവസ്ഥ നിലനില്‍ക്കെയായിരുന്നു സുപ്രീം കോടതിയുടെ വ്യാഖ്യാനം വന്നത്.
സ്വകാര്യ വനഭൂമിക്ക് ഭൂ പരിഷ്‌കരണ നിയമപ്രകാരം പട്ടയം നല്‍കുന്നത് നിലനില്‍ക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. പട്ടയം എന്നത് മറ്റ് രേഖകള്‍ക്കും തെളിവുകള്‍ക്കും ഒപ്പം ഒരു രേഖയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിയമ നിർമാണം നടത്തിയിട്ടുള്ളതെന്നും വനംവമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
50 സെന്റ് വരെയുള്ള ഭൂമിയില്‍ വീട് വച്ച് താമസിച്ചിരുന്ന ചെറുകിട ഭൂവുടമകളെ മാനുഷിക പരിഗണന നല്‍കി ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി അവരുടെ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നത് ഒഴിവാക്കുന്നതിനും ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭേദഗതി നിയമത്തിന് 10.05.1971 മുതല്‍ മുന്‍കാല പ്രബല്യം നല്‍കിയിട്ടുണ്ട്.
സ്വകാര്യ വനഭൂമി സംരക്ഷിക്കുന്നതിനുള്ള വലിയൊരു കാല്‍വെപ്പാണ് ഇതെന്നും ചെറുകിട ഭൂ ഉടമകളെ ഒഴിവാക്കിയത് സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസമാകുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രിലിൽ നിയമസഭ പാസാക്കിയതാണ് ബില്ല്. 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി 1971ലെ സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമം ഭേദഗതി ചെയ്ത് പാസാക്കിയ ബിൽ വിശദമായ പരിശോധന വേണമെന്ന കാരണംപറഞ്ഞ് ഒപ്പിടാതെ മാറ്റിവെച്ചിരിക്കുകയായിരുന്നു.
ബിൽ ജനക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്നും സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും നിയമോപദേശകൻ ഗോപകുമാരൻനായർ ഗവർണറെ അറിയിച്ചു. ബില്ലിന് എല്ലാ നിയമസാധുതയുമുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ ഉപദേശവും രാജ്ഭവനിൽ എത്തി. അതിനാലാണ് ഈ ബില്ലിൽ ഗവർണർ ഒപ്പിട്ടത്.
കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ പരിഗണിക്കാവുന്ന തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കാനാണ് ബില്ലിലെ നിർദേശം. കർഷകർക്ക് ഇളവ് നൽകുന്നതിലും തെളിവിന്റെ കാര്യത്തിലും നേരത്തേ വനംവകുപ്പ് എതിർപ്പുയർത്തിയിരുന്നു. വനഭൂമിയുടെ കാര്യത്തിലും പട്ടയം ആധികാരിക രേഖയാണെന്ന 2019ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന് വിലയിരുത്തിയാണ് ഗവർണർ നിയമോപദേശം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

