കാർഷിക സർവകലാശാല വി.സി നിയമനം: ഗവർണറുടെ നടപടി സർവകലാശാല നിയമത്തിന് വിരുദ്ധം
text_fieldsതിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയിൽ പ്രോചാൻസലറായ കൃഷി മന്ത്രി നൽകിയ പാനൽ വെട്ടി ചാൻസലറായ ഗവർണർ സ്വന്തം നിലക്ക് വി.സി നിയമനം നടത്തിയത് സർവകലാശാല നിയമത്തിന്റെ ലംഘനം. കാർഷിക സർവകലാശാല നിയമം 27 (11) പ്രകാരം വി.സി പദവിയിൽ സ്ഥിരമോ താൽക്കാലികമോ ആയ ഒഴിവുണ്ടായാൽ സ്ഥിരം വി.സി നിയമിതനാകുന്നത് വരെ, താൽക്കാലിക വി.സി നിയമനത്തിന് ചാൻസലർ പ്രോചാൻസലറുമായി കൂടിയാലോചിച്ച് ക്രമീകരണം ചെയ്യണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാണ് സംഘ്പരിവാർ നോമിനിയായ ഡോ. സജിത റാണിയെ ഗവർണർ ഏകപക്ഷീയമായി വി.സിയായി നിയമിച്ചത്.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ കാർഷിക സർവകലാശാല വി.സിയുടെ ചുമതല കൂടി വഹിച്ചിരുന്ന ഡോ. ബി. അശോകിനെ സർക്കാർ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക സർവകലാശാലയിൽ താൽക്കാലിക വി.സി നിയമനത്തിന് പ്രോചാൻസലറായ കൃഷി മന്ത്രി ടി. സിദ്ദീഖ് മൂന്നു പേരടങ്ങിയ പാനൽ സമർപ്പിച്ചത്. കാർഷിക സർവകലാശാലയിലെ അധ്യാപകരായ ഡോ. തോമസ് ജോർജ്, ഡോ. ശാലിനി പിള്ള, സർവകലാശാല രജിസ്ട്രാർ ഡോ. മേരി റജീന എന്നീ പേരുകളാണ് പ്രോ ചാൻസലർ സമർപ്പിച്ചത്. എന്നാൽ, ഇത് പരിഗണിക്കാതെയാണ് ചാൻസലറായ ഗവർണർ സ്വന്തം നിലക്ക് നിയമനം നടത്തിയത്.
നേരത്തേ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും ഗവർണർ സ്വന്തം നിലക്ക് താൽക്കാലിക വി.സി നിയമനം നടത്തിയത് വിവാദമാവുകയും സർക്കാർ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. രണ്ട് സർവകലാശാലകളുടെയും നിയമത്തിൽ താൽക്കാലിക വി.സി നിയമനം സർക്കാറുമായി ആലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. താൽക്കാലിക വി.സി നിയമനം റദ്ദാക്കാതിരുന്ന കോടതി, നിയമനം സർക്കാറുമായി ആലോചിച്ചായിരിക്കണമെന്ന നിയമത്തിലെ വ്യവസ്ഥ ശരിവെക്കുകയും ചെയ്തു.
കാർഷിക സർവകലാശാലയിൽ നിയമത്തിലെ വ്യവസ്ഥ ലംഘിച്ച് താൽക്കാലിക വി.സി നിയമനം നടത്തിയ ഗവർണറുടെ നടപടിയെ സർക്കാർ നിയമപരമായി ചോദ്യംചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്. ചാൻസലർ സീനിയോറിറ്റിയാണ് പരിഗണിച്ചതെന്നും സർക്കാർ അക്കാദമിക മികവ് പരിഗണിച്ചുള്ള പട്ടികയാണ് നൽകിയതെന്നുമുള്ള പ്രോചാൻസലറായ കൃഷി മന്ത്രിയുടെ വിശദീകരണം തന്നെ അമ്പരപ്പിക്കുന്നതാണ്. നിയമവ്യവസ്ഥ ലംഘിച്ച ചാൻസലറുടെ നടപടിയെ കോടതിയിൽ ചോദ്യംചെയ്യാനുള്ള അവസരം നിലനിൽക്കെയാണ് ഇതിൽ വ്യക്തത വരുത്താതെയുള്ള സർക്കാർ നടപടി. കോടതിയിൽ ചോദ്യംചെയ്യാതിരുന്നാൽ മറ്റു സർവകലാശാലകളിലും ഇതേ നടപടി ആവർത്തിക്കുകയും ചെയ്യും. എം.ജി സർവകലാശാലയിൽ താൽക്കാലിക വി.സി നിയമനവും സംഘ്പരിവാർ നോമിനിയെ നിയമിച്ചുകൊണ്ടാണ് ഗവർണർ നടത്തിയത്. ഇവിടേക്ക് സർക്കാർ പാനൽ പോലും നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

