ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ
text_fieldsതിരുവനന്തപുരം: മന്ത്രിമാര്‍ നേരിട്ടെത്തി സര്‍ക്കാറിന്റെ ഭാഗം വിശദീകരിച്ചിട്ടും തടഞ്ഞുവെച്ചിരിക്കുന്ന ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതുൾപ്പെടെ നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലാണ് ഗവർണർ തീരുമാനമെടുക്കുന്നത് നീട്ടിയത്. ഒപ്പിടാതെ വെച്ചിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരായ പി. രാജീവ്, ആര്. ബിന്ദു, വി.എന്‍. വാസവന്, ജെ. ചിഞ്ചുറാണി എന്നിവർ വ്യാഴാഴ്ച രാജ്ഭവനിൽ ഗവർണറെ നേരിൽക്കണ്ട് ആശയവിനിമയം നടത്തിയിരുന്നു.
എന്നാൽ, തടഞ്ഞുവെച്ച ഒരു ബില്ലിലും വെള്ളിയാഴ്ചയും ഗവർണർ തീരുമാനമെടുത്തില്ല. വൈകീട്ട് ഹൈദരാബാദിലേക്ക് പോയ ഗവർണർ ഇനി മാർച്ച് രണ്ടിന് കൊച്ചിയിലെത്തും. അതിനിടെ ആവശ്യമെങ്കിൽ ബില്ലുകൾ ഓൺലൈനിൽ വിളിച്ചുവരുത്തി തീരുമാനമെടുക്കാൻ ഗവർണർക്ക് സാധിക്കും.
ലോകായുക്ത നിയമഭേദഗതി ബിൽ, വൈസ് ചാൻസലർ നിയമന െസര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാറിന്റെ മേൽക്കൈ ഉറപ്പിക്കുന്ന ബില്‍, സർവകലാശാല ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബിൽ, വഖഫ് നിയമഭേദഗതി ബിൽ, മിൽമ നിയമഭേദഗതി ബിൽ, യൂനിവേഴ്സിറ്റി അപ്പലേറ്റ് ൈട്രബ്യൂണൽ ഭേദഗതിബിൽ, മലപ്പുറം ജില്ല സഹകരണബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്ന ബിൽ എന്നിവയടക്കം ബില്ലുകളാണ് രാജ്ഭവനിലുള്ളത്.
ഇതോടൊപ്പം കാലിക്കറ്റ് സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും കാലാവധി അവസാനിച്ച് പിരിച്ചുവിട്ടാല്‍ താല്‍ക്കാലിക ഭരണസമിതി രൂപവത്കരിക്കാനുള്ള ഗവര്‍ണറുടെ അധികാരം എടുത്തുകളയുന്ന കാലിക്കറ്റ് സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള അനുമതിയും ഗവര്‍ണർ നൽകിയിട്ടില്ല. ബില്ലുകളിൽ ഒപ്പിട്ടില്ലെന്നും കാലിക്കറ്റ് സര്‍വകലാശാല നിയമഭേദഗതി ബില്‍ അവതരണത്തിന് അനുമതി നൽകിയില്ലെന്നും ഹൈദരാബാദിലേക്ക് തിരിക്കുംമുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ട ഗവർണർ വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

