നിയമസഭ സമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തും -ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറുമായുള്ള ശീതസമരം മൂർച്ഛിക്കുന്നതിനിടെ ജനുവരി അവസാനം ചേരുന്ന നിയമസഭ സമ്മേളനത്തിൽ താൻ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കും. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് പൊലീസ് മാറ്റുന്നത് അവരുടെ തീരുമാനമാണ്. പൊലീസ് എൽ.ഡി.എഫ് സർക്കാറിനു കീഴിലാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്നതും സർക്കാറിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവർണർ ചോദിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു പുതുവർഷത്തിൽ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 25നു സമ്മേളനം വിളിക്കാനാണു സർക്കാർ ആലോചന. ചില ഭാഗങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ മുമ്പ് നയപ്രഖ്യാപന പ്രസംഗം വായിച്ചിട്ടുണ്ട്.
ഗവർണർക്കെതിര അധിക്ഷേപവുമായി എം.എം. മണി
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി എം.എൽ.എ. രാജ്ഭവൻ മാർച്ചിന് മുന്നോടിയായി എൽ.ഡി.എഫ് കട്ടപ്പന മണ്ഡലം മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എം. മണി പ്രസംഗിച്ചതിങ്ങനെ: ‘‘ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പിടാത്ത നാറിയെ കച്ചവടക്കാർ ഇടുക്കിയിലേക്ക് ക്ഷണിച്ച് പൊന്നുകൊണ്ട് പുളിശ്ശേരി വെക്കുക എന്നാൽ ശുദ്ധ മര്യാദകേടാണെന്നാണ് എന്‍റെ അഭിപ്രായം. കച്ചവടക്കാർ ജനങ്ങളുടെ ഭാഗമല്ലേ. ഭൂപ്രശ്‌നം വ്യാപാരികളെയും ബാധിക്കുന്നതല്ലേ. ഒപ്പിടാതിരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അയാളെ എന്തിനാ ഇങ്ങോട്ട് ക്ഷണിക്കുന്നത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ. അയാളെ പിടിച്ച് ഇവിടെ കൊണ്ടുവന്ന് വിരുന്നൂട്ടുന്നത് ശരിയല്ല. വല്ലയിടത്തും കിടക്കുന്ന വായിനോക്കിയെയാണ് ഗവർണറായി വെക്കുന്നത്. അതിൽ മാന്യന്മാരുമുണ്ടെന്നത് ശരിതന്നെ. കേരളത്തിന്‍റെ താൽപര്യങ്ങൾ കേന്ദ്രം തകർക്കുകയാണ്. അതിന് കൂട്ടുപിടിക്കുന്ന ഗവർണർക്ക് ചെലവിന് കൊടുക്കുന്നത് നരേന്ദ്ര മോദിയല്ല; നമ്മുടെ ഖജനാവാണ് ഈ നാറിയെയെല്ലാം പേറുന്നത്. എന്നിട്ടാണ് കച്ചവടക്കാർ അയാളെ വിളിച്ച് സ്വീകരണം കൊടുക്കുന്നത്. ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ആസനത്തിൽ ആപ്പടിക്കുന്ന പണിയാണ് ഗവർണർ ചെയ്‌തോണ്ടിരിക്കുന്നത്. ബില്ലിൽ ഒപ്പിടാത്ത ഗവർണർ ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ മുഖത്ത് കരിവാരിത്തേക്കുന്ന, നാലാം തരത്തിലെ അഞ്ചാംതരം പണി... ഒരുമാതിരി പെറപ്പുപണിയാണെന്നാണ് എന്‍റെ അഭിപ്രായം. ഒപ്പിടാത്ത ഇയാള് ഇടുക്കിയിൽ വരേണ്ടെന്ന് നമ്മൾ െവച്ചാൽ നമ്മളെയെന്താ തൂക്കുമോ. നമ്മളെയൊന്നും ചെയ്യാനില്ല’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

