11 വാഴ്സിറ്റികളുടെയും നിയന്ത്രണം കൈയിലാക്കി ഗവർണർ; മുതലെടുപ്പിന് സംഘ്പരിവാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണർ ചാൻസലറായുള്ള 14 സ്റ്റേറ്റ് സർവകലാശാലകളിൽ 11ലും നിയന്ത്രണമുറപ്പാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എം.ജി, മലയാളം, കാർഷിക സർവകലാശാലകളിൽ മാത്രമാണ് സർക്കാർ നിർദേശം പരിഗണിച്ച് ഗവർണർ വി.സി നിയമനം നടത്തിയത്.
അവശേഷിക്കുന്ന 11 ഇടത്ത് മിക്കതിലും സർക്കാർ പാനൽ തള്ളിയാണ് നിയമനം നടത്തിയത്. സാധാരണ സർവകലാശാല ഭരണത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാറിന് നിയന്ത്രണം ലഭിക്കാറുണ്ട്. സർക്കാർ താൽപര്യം പരിഗണിച്ചാണ് ഗവർണർ നടത്താറ്. സർക്കാറും ഗവർണറും തുറന്ന പോരിലായതോടെയാണ് പാനലില്ലാതെയും ലഭിച്ച പാനൽ തള്ളിയും ഗവർണർ വി.സി നിയമനം നടത്തുന്നത്. ഇതിൽ ഒടുവിലത്തേതാണ് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ നിയമനങ്ങൾ. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ പാനൽ സമർപ്പിച്ചെങ്കിലും മൂന്നിടത്തും സ്വന്തം നിലക്കാണ് ഗവർണർ നിയമിച്ചത്. സ്വന്തം വി.സിമാർ വന്നതോടെ, ഇവിടങ്ങളിലെ ഭരണം നേരിട്ട് നിയന്ത്രിക്കാൻ രാജ്ഭവന് കഴിയുന്നു.
രാജ്ഭവനെ മറയാക്കി സർവകലാശാലകൾ ലക്ഷ്യമിട്ട് നീക്കം നടത്തുന്ന സംഘ്പരിവാറിന് ഇത് അനുകൂല സാഹചര്യവുമായി. സർക്കാറുമായി ആലോചിക്കാതെയാണ് ആരോഗ്യ സർവകലാശാല വി.സിയായ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകിയത്. അദ്ദേഹത്തിനുതന്നെ കേരള സർവകലാശാല വി.സിയുടെ അധിക ചുമതലയും നൽകി. സാങ്കേതിക സർവകലാശാലയിൽ പ്രത്യക്ഷ സംഘ്പരിവാർ സഹയാത്രികനായ കുസാറ്റിലെ ഡോ. ശിവപ്രസാദിന് വി.സിയുടെ ചുമതല നൽകിയതും സർക്കാറിന് പ്രഹരമായി.
എം.ജി സർവകലാശാലയിൽ പ്രോ-വൈസ് ചാൻസലറായിരുന്ന ഡോ. സി.ടി. അരവിന്ദ്കുമാറിനും മലയാളം സർവകലാശാലയിൽ ഡോ. എൽ. സുഷമക്കും വി.സിയുടെ ചുമതല നൽകിയത് സർക്കാർ സമർപ്പിച്ച പാനലിൽനിന്നാണ്. കാർഷിക സർവകലാശാല വി.സിയായി കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് ചുമതല നൽകിയത് പ്രോ- ചാൻസലറായ കൃഷി മന്ത്രിയുടെ ശിപാർശ പ്രകാരമാണ്.
സർവകലാശാല സിൻഡിക്കേറ്റ് യോഗങ്ങളിലെടുക്കുന്ന വിവാദ തീരുമാനങ്ങൾ ചാൻസലറുടെ അംഗീകാരത്തിനയച്ച് റദ്ദാക്കുന്ന നടപടിയും ഗവർണർ സ്വന്തംനിലക്ക് നിയമിച്ച വി.സിമാരിൽ ചിലർ നടത്തുന്നുണ്ട്. ഇതുവഴി സർവകലാശാല ഭരണസമിതികളെ നിയന്ത്രിക്കാൻ ഗവർണർക്കാകുന്നു. സാങ്കേതിക സർവകലാശാലയിലുൾപ്പെടെ നടക്കാനിരിക്കുന്ന അധ്യാപക നിയമനങ്ങളിൽ ഇടപെടാൻ രാജ്ഭവനെ മറയാക്കി സംഘ്പരിവാർ നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.