സ്ഥിരം വി.സി നിയമന നടപടി തുടങ്ങാൻ ഗവർണർ
text_fieldsരാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം നിയമപരമല്ലെന്ന ഹൈകോടതി വിധിയെ സ്ഥിരം വി.സി നിയമനത്തിനുള്ള നടപടികൾക്ക് തുടക്കമിട്ട് മറികടക്കാൻ രാജ്ഭവൻ നീക്കം. സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് ചാൻസലറായ ഗവർണറും സർക്കാറും മുൻകൈയെടുക്കണമെന്ന ഹൈകോടതി വിധിയിലെ നിർദേശം ആയുധമാക്കിയാണ് സ്ഥിരം വി.സി നിയമന വിജ്ഞാപനമിറക്കാൻ രാജ്ഭവൻ ആലോചിക്കുന്നത്.
സ്ഥിരം വി.സി നിയമനത്തിന് തുടക്കമിട്ടതിന്റെ ബലത്തിൽ, താൽക്കാലിക വി.സിമാരുടെ നിയമനം നിയമപരമല്ലെന്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് ധാരണ. സ്ഥിരം വി.സി നിയമനത്തിന് നടപടി തുടങ്ങിയതായി പറഞ്ഞ് അതുവരെ താൽക്കാലിക വി.സിമാരെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സുപ്രീംകോടതിയെ സമീപിക്കുകയെന്നാണ് വിവരം. വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറാണ് അധികാരിയെന്നും ബാഹ്യഇടപെടൽ അനുവദിക്കരുതെന്നും കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയും അപ്പീലിന് രാജ്ഭവൻ ആയുധമാക്കും.
അപ്പീൽ സമർപ്പിക്കുന്നതുവഴി താൽക്കാലിക വി.സി നിയമനത്തിനായി സർക്കാർ സമർപ്പിക്കുന്ന പാനലിൽ തുടർനടപടിയെടുക്കുന്നത് വൈകിക്കാനും കഴിയുമെന്ന വിലയിരുത്തലിലാണ് രാജ്ഭവൻ. സ്ഥിരം വി.സി നിയമനത്തിന് ചാൻസലർ എന്ന നിലയിൽ സെർച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നടപടികൾക്കാണ് ഗവർണർ തുടക്കമിടുക. ഇതിന്റെ ഭാഗമായി യു.ജി.സിയിൽ നിന്നും സർവകലാശാലയിൽ നിന്നും സെർച് കമ്മിറ്റികളിലേക്കുള്ള പ്രതിനിധികളെ ചാൻസലർക്ക് തേടാനാകും.
ഗവർണർ രൂപവത്കരിക്കാൻ ലക്ഷ്യമിടുന്ന മൂന്നംഗ സെർച് കമ്മിറ്റിയെ തടഞ്ഞ് അഞ്ചംഗ സെർച് കമ്മിറ്റിക്കാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമപ്രാബല്യമില്ല. നിലവിലുള്ള മൂന്നംഗ സെർച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയുടെ പേര് നൽകാൻ നിർബന്ധിക്കാനും അത് സർവകലാശാലകളെ ഉപയോഗിച്ച് തടഞ്ഞാൽ കോടതിയിൽ ആയുധമാക്കാനും രാജ്ഭവൻ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

