നിയമസഭ പാസ്സാക്കിയ അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പുവെച്ചു
text_fieldsതിരുവനന്തപുരം: സർക്കാറുമായുള്ള തർക്കം തുടരുന്നതിടെ അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പുവെച്ചു. വിവാദമില്ലാത്ത ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിട്ടത്. സർവകലാശാല, ലോകായുക്ത ബില്ലുകൾ ഒഴികെയുള്ളവയിലാണ് ഗവർണർ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. പതിനൊന്ന് ബില്ലുകളായിരുന്നു നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്.
ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നും നേരത്തെ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോവുന്ന ഗവര്‍ണര്‍ ഗുവാഹതി, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ മൂന്നിനാണ് മടങ്ങിയെത്തുക.
രാജ്ഭവനിലേക്ക് ഇനി മുതൽ ഫയലുമായി പേഴ്സനൽ സ്റ്റാഫിനെ അയക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവർണർ നിർദേശം നൽകിയിരുന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തവിധമാണ് കേരളത്തിലെ കാര്യങ്ങൾ. ഒരു മന്ത്രിക്ക് പതിനഞ്ചും ഇരുപതുമാണ് പേഴ്സനൽ സ്റ്റാഫുകൾ. ഇവർക്ക് രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ ലഭിച്ചുതുടങ്ങും. ഗവർണറായ തനിക്ക് നാലുപേരാണ് പേഴ്സനൽ സ്റ്റാഫിലുള്ളത്. പാർട്ടി നിയമിക്കുന്ന പേഴ്സനൽ സ്റ്റാഫുകളാണ് മന്ത്രിമാരുടെ ഓഫിസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്.
പേഴ്സനൽ സ്റ്റാഫുകളുമായിട്ടാണ് പലപ്പോഴും മന്ത്രിമാർ തനിക്ക് മുന്നിൽ വരാറുള്ളത്. ഫയലുകൾ സംബന്ധിച്ച് എന്തെങ്കിലും ചോദിച്ചാൽ മന്ത്രിമാർ പേഴ്സനൽ സ്റ്റാഫിനെ നോക്കും. തുടർന്ന് പേഴ്സനൽ സ്റ്റാഫാണ് മറുപടി നൽകുന്നത്. ഇത് ശരിയായ നടപടിയല്ല. ഇനി ആശയവിനിമയത്തിന് ഭാഷ പ്രശ്നമാണെങ്കിൽ മന്ത്രിമാർ വകുപ്പ് സെക്രട്ടറിമാരുമായി വരട്ടെ. പേഴ്സനൽ സ്റ്റാഫുകൾക്ക് ഇനിമുതൽ രാജ്ഭവനിലെ സ്വീകരണമുറിയിലായിരിക്കും സ്ഥാനം. തന്റെ ഓഫിസിലേക്ക് മന്ത്രിമാർക്കൊപ്പം പ്രവേശനമുണ്ടാകില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

