രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടി പിണറായിക്ക് വിധേനായി ഗവർണർ നിൽക്കുന്നു -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: ഗവർണറെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പി നേതാക്കൾ എഴുതിക്കൊടുക്കുന്നതാണ് ഗവർണർ വായിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, അനാവശ്യ സമ്മർദങ്ങൾക്ക് വഴങ്ങി സർക്കാറിന്‍റെ തെറ്റായ നടപടികൾക്ക് ഗവർണർ കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ചു.
സർവകലാശാലകളെ രാഷ്ട്രീയവത്കരിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഗവർണർ കുടപിടിക്കുകയായിരുന്നു. രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടി പിണറായി വിജയന് വിധേനായി നിൽക്കുന്നു. കണ്ണൂർ വി.സി നിയമനത്തെ ആദ്യം ന്യായീകരിച്ച ഗവർണർ തെറ്റ് പറ്റിയെന്ന് പിന്നീട് സമ്മതിച്ചെങ്കിലും തിരുത്താൻ തയാറാകുന്നില്ല. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗവർണർക്ക് മുഖ്യമന്ത്രിയെ ഭയമാണ്.
ഗവർണർ വിമർശനത്തിന് അതീതനല്ല. ഭരണഘടനാപരമായും നിയമപരമായും തെറ്റ് ആവർത്തിച്ചാൽ ഗവർണറെ വീണ്ടും വിമർശിക്കും. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ അതിന്‍റെ അന്തസ്സിന് അനുസരിച്ച് പെരുമാറണം. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ സര്‍വകലാശാലയോട് ശിപാര്‍ശ ചെയ്‌തോയെന്ന് ഗവർണർ വായ തുറന്ന് പറയണം. അതിന് പകരം വായക്ക് മുദ്രവെച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. പറയാൻ ബാധ്യതപ്പെട്ടതൊഴികെ എല്ലാം അദ്ദേഹം പറയുന്നുണ്ട്.
നിയമപരമായി ഗവർണറാണ് ഇപ്പോഴും സർവകലാശാലകളുടെ ചാൻസലർ. ഹൈകോടതി ചാൻസലർക്ക് നോട്ടീസ് അയച്ചാൽ സ്വീകരിക്കില്ലെന്ന് പറയാൻ അദ്ദേഹത്തിന് എന്ത് അധികാരം. ചാന്‍സലറുടെ അധികാരം ഗവർണർ ഉപയോഗിച്ചാല്‍ കണ്ണൂർ വി.സി പുറത്താകും. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ തയാറല്ലാത്തതിനാലാണ് ചാന്‍സലര്‍ പദവി വേണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത്.
രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ ശിപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് ശരിയായ രീതിയിലായിരുന്നില്ല. മറിച്ചായിരുന്നെങ്കിൽ സിൻഡിക്കേറ്റിൽ ചർച്ച ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. ഡി.ലിറ്റിന് ഗവര്‍ണര്‍ ശിപാര്‍ശ ചെയ്‌തോ, സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്‌തോ എന്നൊക്കെയാണ് രമേശ് ചെന്നിത്തലയും ചോദിച്ചത്.
കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവായ ചെന്നിത്തല അഭിപ്രായപ്രകടനം നടത്തിയാല്‍ എന്താണ് തെറ്റ്? അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെ താനോ തന്‍റെ അഭിപ്രായങ്ങളെ അദ്ദേഹമോ തള്ളിയിട്ടില്ല. മറിച്ചുള്ളത് വ്യാഖ്യാനങ്ങളാണ്. ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും ഒരേ നിലപാടാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

