എഫ്.ഐ.ആര്‍ തിരുത്തി കന്യാസ്ത്രീകൾക്കെതിരെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി; കേരളത്തിന്‍റെ പ്രതിഷേധം ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിക്കണം -സണ്ണി ജോസഫ്
text_fieldsതിരുവനന്തപുരം: ഛത്തിസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരെ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സര്‍ക്കാറിനെ ഗവര്‍ണര്‍ അറിയിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും ബി.ജെ.പി ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെയും കെ.പി.സി.സി സംഘടിപ്പിച്ച രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ നടത്തത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തിസ്ഗഢ് സര്‍ക്കാര്‍ ചുമത്തിയത്. എഫ്.ഐ.ആര്‍ തിരുത്തി ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അവര്‍ക്ക് ജാമ്യം നിഷേധിച്ചു. ബി.ജെ.പിയുടെ കിരാത ഭരണം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഭരണഘടനാ വിരുദ്ധ നടപടിയെ ന്യായീകരിക്കുകയാണ് ഛത്തിസ്ഗഢ് മുഖ്യമന്ത്രി.
ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുകയും നിഷേധിക്കുകയും ചെയ്ത ബി.ജെ.പി സര്‍ക്കാറിന്റെ നടപടി ലജ്ജാകരമാണ്. ബജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തപ്പോള്‍ പൊലീസ് കയ്യുംകെട്ടി നിന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇൻഡ്യ മുന്നണി എം.പിമാര്‍ ലോക്‌സഭയിലും രാജ്‌സഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. കന്യാസ്ത്രീകളെ യു.ഡി.എഫ് എം.പിമാരുടെ സംഘം ജയിലില്‍ സന്ദര്‍ശിക്കുകയും കള്ളക്കേസ് പിന്‍വലിക്കാന്‍ ഛത്തിസ്ഗഢ് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും തയാറായില്ല. കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധം രാജ്യത്ത് ഉയര്‍ത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

