എസ്.എഫ്.ഐ ഭീഷണിക്ക് മറുപടി; താമസം കാലിക്കറ്റിലെ ഗെസ്റ്റ് ഹൗസിലേക്ക് മാറ്റി ഗവർണർ
text_fieldsആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കാമ്പസുകളിൽ കയറാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ രണ്ടു ദിവസത്തെ താമസം കാലിക്കറ്റ് സർവകലാശാല കാമ്പസിലേക്ക് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 16നും 17നും രാത്രി കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.
18ന് സർവകലാശാല കാമ്പസിൽ സനാതന ധർമ ചെയറിന്‍റെ പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും ഗവർണറുടെ തിരുവനന്തപുരത്തേക്കുള്ള മടക്കം. 16ന് രാത്രിയോടെ ഡൽഹിയിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ഗവർണർ നേരെ സർവകലാശാല ഗെസ്റ്റ് ഹൗസിൽ എത്തും. 17ന് കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കും.
അന്ന് രാത്രിയും സർവകലാശാല ഗെസ്റ്റ് ഹൗസിലായിരിക്കും ഗവർണർ താമസിക്കുക. 18ന് ഉച്ചക്ക് ശേഷം സർവകലാശാല കാമ്പസിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. എസ്.എഫ്.ഐയുടെ വെല്ലുവിളി നേരിടുകയെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് ഗവർണർതന്നെ ഇടപെട്ട് താമസം സർവകലാശാല കാമ്പസിലേക്ക് മാറ്റിയത്. ഗവർണർ എത്തുന്നതോടെ സർവകലാശാല കാമ്പസിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

