‘ഗവർണർ-സർക്കാർ ഭായ് ഭായ്’; നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധവും പ്ലക്കാർഡും
text_fieldsതിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പിണറായി സർക്കാറിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും എതിരെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. ‘ഗവർണർ-സർക്കാർ ഭായ് ഭായ്’ എന്ന് പരിഹസിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.
ഗവർണറെയും സർക്കാരിനെയും വിമർശിക്കുന്ന പ്ലക്കാർഡുകൾ പ്രതിപക്ഷ അംഗങ്ങൾ ഉയർത്തി. ഗവർണർ-സർക്കാർ ഒത്തുകളി, സംഘ്പരിവാറും സി.പി.എമ്മും ഒരേ തൂവൽപക്ഷികൾ തുടങ്ങിയ പ്ലക്കാർഡുകൾ എഴുന്നേറ്റ് നിന്ന് ഉയർത്തിപിടിച്ചും മേശപ്പുറത്ത് വെച്ചുമായിരുന്നു പ്രതിഷേധം.
സർക്കാറുമായി ഏറെനാളായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ അനുരഞ്ജനത്തിന്‍റെ പാതയിലാണെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് നയപ്രഖ്യാപനത്തിനായുള്ള അദ്ദേഹത്തിന്‍റെ സഭാപ്രവേശനം. നയപ്രഖ്യാപനം ഒഴിവാക്കി സഭാസമ്മേളനം നടത്താൻ സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് മഞ്ഞുരുക്കത്തിന് വഴി തുറന്നത്. അതേസമയം, കഴിഞ്ഞ സമ്മേളനം പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചിട്ടില്ല.
പതിനഞ്ചാം നിയമസഭയുടെ നിയമസഭയുടെ എട്ടാം സമ്മേളനത്തിനാണ് ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായത്. നയപ്രഖ്യാപനത്തിനു ശേഷം ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കും. ആറു മുതല്‍ എട്ടു വരെ ബജറ്റ് പൊതുചര്‍ച്ച.
മാര്‍ച്ച് 30 വരെ 33 ദിവസമായി നടക്കുന്ന സമ്മേളനത്തിന്‍റെ പ്രധാന അജണ്ട അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കലാണ്. ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 13 ദിവസം ധനാഭ്യർഥന ചർച്ചയാണ്. രണ്ടു ധനവിനിയോഗബില്ലുകളും സമ്മേളനം പാസാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

