പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; 'ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ'
text_fieldsന്യൂഡൽഹി: പുതിയ ബെൻസ് കാറിനായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാറിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ഒരു വർഷമായി ചില യാത്രകളിലൊഴികെ ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാറാണ്. ഏത് വാഹനം വേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും ഗവർണർ പറഞ്ഞു.
പുതിയ ബെൻസ് കാറിനായി സര്‍ക്കാറിനോട് ഗവർണർ ആവശ്യപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. രണ്ട് വർഷം മുമ്പ് 85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് ഗവർണർ കത്തുനൽകിയിരുന്നു. ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല.
ഇപ്പോൾ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്. മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വി.ഐ.പി പ്രോട്ടോക്കോൾ പ്രകാരം വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടി.
മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിക്കുന്നത് അധിക ചെലവാണെന്ന ഗവർണറുടെ നിലപാട് വിവാദമായ സാഹചര്യത്തിലായിരുന്നു പുതിയ ബെൻസ് കാറിനായി ആവശ്യപ്പെട്ടെന്ന വിവരം പുറത്തുവന്നത്. നിരവധി വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. സർക്കാറിന്‍റെ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പുവെക്കാൻ മടിച്ചത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി നേരിട്ട് കണ്ട് ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങിയിരുന്നില്ല. പിന്നീട്, ഗവർണറുടെ പി.എ ആയി ബി.ജെ.പി നേതാവിനെ നിയമിച്ചതിനെതിരെ കത്തെഴുതിയ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ സർക്കാർ മാറ്റി അനുനയ നിലപാടെടുത്ത ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

