കോൺഗ്രസിന്‍റെ ഏക മലയാളി അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ വീട് സന്ദർശിച്ച് കേരള ഗവർണർ
text_fieldsഗവർണർ മങ്കരയിലെ ചേറ്റൂരിന്റെ തറവാട് സന്ദർശിക്കുന്നു
മങ്കര: ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയായ ചേറ്റൂർ ശങ്കരൻനായരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള തകർച്ച ഭീഷണിയിലായ വീട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സന്ദർശിച്ചു. 4.30ഓടെ മങ്കര ചേറ്റൂർ തറവാട്ടിലെത്തിയ ഗവർണറെ കുടുംബം സ്വീകരിച്ചു.
തുടർന്ന് ചേറ്റൂർ താമസിച്ച, തകർച്ചയിലായ എട്ടുകെട്ട് വീട് ഗവർണർ സന്ദർശിച്ചു. തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന കുടുംബാംഗമായ ചേറ്റൂർ കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തി. ചേറ്റൂർ കൃഷ്ണൻകുട്ടിയെ ഗവർണർ ഷാളിട്ട് ആദരിച്ചു. തുടർന്ന് കുടുംബാംഗം ചേറ്റൂർ കൃഷ്ണൻകുട്ടിയുമായും (ഉണ്ണിയേട്ടൻ) മകൻ സത്യജിത്തുമായും സംസാരിച്ചു. സത്യജിത്തിന്റെ ഭാര്യ ധന്യ, മക്കൾ ഭരത്, ഗൗരി എന്നിവരോടും സൗഹൃദസംഭാഷണം നടത്തി.
ചേറ്റൂർ കുടുംബാംഗം കൃഷ്ണൻകുട്ടിയുമായി ഗവർണർ സംസാരിക്കുന്നു
സൗഹൃദസന്ദർശനമാണന്നും ചേറ്റൂരിന്‍റെ കുടുംബാംഗങ്ങളെ പരിചയപ്പെടുക മാത്രമാണ് വരവിന്‍റെ ഉദ്ദേശ്യമെന്നും പറഞ്ഞ അദ്ദേഹം ചേറ്റൂരിന്‍റെ വീട് സന്ദർശിച്ചതിലും കുടുംബവുമായി പരിചയപ്പെടുന്നതിലും ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും വ്യക്തമാക്കി.
കോൺഗ്രസ് ചേറ്റൂരിനെ മറന്നുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയതിന് തുടർച്ചയായാണ് ഗവർണറുടെ സന്ദർശനം. സൗഹൃദ സന്ദർശനത്തിനപ്പുറം ഗവർണർ എത്തിയത് രാഷ്ട്രീയ ദൗത്യവുമായാണെന്ന സൂചനയുമുണ്ട്. കഴിഞ്ഞമാസം ഹരിയാനയിൽ നടന്ന പൊതുപരിപാടിയിൽ ചേറ്റൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ചേറ്റൂരിനെ ലക്ഷ്യമിട്ട് ബി.ജെ.പി രംഗത്തിറങ്ങിയത്. സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഗവർണർ സംസാരിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനും ഗവർണർ മറുപടി നൽകിയില്ല. ബി.ജെ.പി നേതാക്കളായ സുഭാഷ് മങ്കര, സജീവ്, പഞ്ചായത്തംഗം രതീഷ് കുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

