‘വിജയൻ ജിയുടെ നേതൃത്വത്തിൽ നമ്മുടെ സംസ്ഥാനം കൂടുതൽ വളരട്ടെ’; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ
text_fieldsഓണം വാരാഘോഷ സമാന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആർ.വി. അർലേക്കറും വേദി പങ്കിട്ടു. വി.സി നിയമനമുൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ‘ബഹുമാനപ്പെട്ട, എന്‍റെ മൂത്ത സഹോദരൻ, മുഖ്യമന്ത്രി പിണറായി വിജയൻ ജി’ എന്നാണ് ഗവർണർ വേദിയിൽ മുഖ്യമന്ത്രിയെ സംബോധന ചെയ്തത്. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ എന്നിവരെ ഉൾപ്പെടെ ‘ജി’ എന്ന് ചേർത്ത് സംബോധന ചെയ്തത് കൗതുകമായി.
“ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങാണിന്ന്. നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാനായാണ് ഞാനിവിടെ എത്തിയത്. ഒരാഴ്ച നാമെല്ലാം ആഘോഷിച്ച ഓണം സാംസ്കാരിക പരിപാടികൾ അവസാനിക്കുകയാണ്. മുഖ്യമന്ത്രി ജിയും സർക്കാറിലെ മറ്റ് ഉന്നതരും എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ട്. എല്ലാവർക്കും സമൃദ്ധമായ ഒരു വർഷമുണ്ടാകട്ടെയെന്നും വിജയൻ ജിയുടെ നേതൃത്വത്തിൽ നമ്മുടെ സംസ്ഥാനം കൂടുതൽ വളരട്ടെയെന്നും ആശംസിക്കുന്നു. നന്ദി” -എന്നിങ്ങനെയായിരുന്നു സമാപന ചടങ്ങിൽ ഗവർണറുടെ വാക്കുകൾ.
ഓണം വാരാഘോഷ സമാപനത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കാണ് സാംസ്‌കാരിക ഘോഷയാത്ര ആരംഭിച്ചത്. മാനവീയം വീഥിയില്‍ നിന്നാരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് ഘോഷയാത്ര. ഗവര്‍ണർ ഫ്ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറി. ആയിരത്തോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ക്കൊപ്പം അറുപതോളം ഫ്ളോട്ടുകളാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്.
91 ദൃശ്യശ്രവ്യ കലാരൂപങ്ങളും കരസേനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രക്ക് നിറമേകുന്നു. ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തില്‍ ഉച്ചക്ക് രണ്ട് മണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്ര കടന്നുപോകുന്ന കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, എൽ.എം.എസ്, സ്റ്റാച്യു, ഓവര്‍ ബ്രിഡ്ജ്, പഴവങ്ങാടി, കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കല്‍, കല്ലുമ്മൂട് വരെ റോഡില്‍ വാഹനം നിര്‍ത്തിയിടാന്‍ അനുവാദമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

