വി.സി നിയമനം: കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച് ഗവർണർ; 11 ലക്ഷം നല്‍കണമെന്ന് ആവശ്യം
text_fieldsഗവർണർ രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം:കേസ് നടത്താൻ സർവകലാശാലകളോട് പണം ചോദിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ കത്തയച്ചു. വക്കീൽ ഫീസ് നൽകാനാണ് സർവകലാശാലകൾക്ക് നിർദേശം നൽകിയത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾ ചേർന്ന് 11 ലക്ഷം രൂപയാണ് നൽകേണ്ടത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രിംകോടതിയില്‍ നല്കിയ കേസുകൾക്കാണ് തുക ആവശ്യപ്പെട്ടത്. കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ അയച്ച കത്തില്‍ പറയുന്നു.
ആഗസ്റ്റ് ആദ്യവാരം സുപ്രീംകോടതിയിൽ കേസ് വാദിക്കാനായി ചെലവഴിച്ച തുകയാണ് സർവകലാശാലകൾ നൽകണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത്. വി.സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ വിവിധ കേസുകളാണ് ഗവർണർ കോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. നേരത്തെ ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാറിന് അനുകൂല വിധി പ്രസ്താവിച്ചതോടെയാണ് ഗവർണർ സുപ്രീംകോടതിയിലെത്തിയത്. രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് കത്തിലുള്ളത്.
നേരത്തെ കേരള സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ തെരഞ്ഞെടുന്ന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവർണർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സർവകലാശാല ഉന്നതാധികാര സമിതിയായ യു.ജി.സി ചട്ടപ്രകാരം വി.സി നിയമനത്തിന് മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വി.സി നിയമനകേസിൽ സുപ്രീംകോടതി മുൻവിധി അനുസരിച്ച് സെർച്ച് കമ്മിറ്റി നൽകുന്ന ചുരുക്കപ്പട്ടികയിൽ മുൻഗണനാക്രമം നിശ്ചയിക്കുന്ന അധികാരം മുഖ്യമന്ത്രിക്കാണ്. ഇതിൽ ഭേദഗതി ആവശ്യപ്പെട്ടാണ് ഗവർണർ കോടതിയെ സമീപിച്ചത്.
വി.സി നിയമനത്തിന് യു.ജി.സി നിർദേശിക്കുന്ന ആളെ സെർച്ച് കമ്മിറ്റിയിൽ അംഗമാക്കണമെന്ന ആവശ്യം ഗവർണർ ഉന്നയിച്ചു. നിയമനത്തിന് 2018ലെ യു.ജി.സി ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന കോടതി മുൻ ഉത്തരവും ഹരജിയിൽ ചൂണ്ടിക്കാട്ടി. സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകൾ ചാൻസലർക്ക് മുന്നിൽ വെക്കണമെന്നാണ് യു.ജി.സി ചട്ടം വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാനത്തിനോ മുഖ്യമന്ത്രിക്കോ നിയമനപ്രക്രിയയിൽ പങ്കില്ല. ചട്ടപ്രകാരം സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പട്ടികയിൽനിന്ന് തെരഞ്ഞെടുക്കാൻ ചാൻസലർക്ക് പ്രത്യേക അധികാരമുണ്ട്. വി.സി സ്ഥാനത്തേക്ക് അനുയോജ്യമെന്ന് സെർച്ച് കമ്മിറ്റി നൽകുന്ന പേരുകൾ ഗവർണർക്ക് മുന്നിൽ വെക്കണമെന്നും അന്തിമ തീരുമാനം ഗവർണറുടെ വിവേചന അധികാരത്തിന് വിടണമെന്നുമാണ് ചട്ടത്തിൽ വ്യക്തമാക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തിനായി ചുരുക്കപ്പട്ടിക തയാറാക്കാൻ റിട്ട. ജഡ്ജി സുധാംശു ധുലിയയെ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ച് സുപ്രീംകോടതി ആഗസ്റ്റ് 18നാണ് ഉത്തരവിറക്കിയത്. സേര്‍ച്ച് കമ്മിറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വി.സി സ്ഥാനത്തേക്ക് മൂന്ന് പാനലുകള്‍ നിര്‍ദേശിക്കണം. ഈ പാനലിൽനിന്ന് മുൻഗണന ക്രമത്തിൽ മുഖ്യമന്ത്രി നിർദേശിക്കുന്ന പേരുകൂടി കണക്കിലെടുത്ത് ഗവർണർക്ക് നിയമിക്കാമെന്നാണ് വിധിയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

