'ഭാരതാംബയുടെ ചിത്രം മാറ്റില്ല'; മന്ത്രിമാർ പങ്കെടുക്കാത്തതിൽ ഗവർണർക്ക് പ്രതിഷേധം
text_fieldsതിരുവനന്തപുരം: രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബ രാജ്യത്തെിന്റെ പ്രതീകമാണെന്നും ഗവർണർ പറഞ്ഞു. മന്ത്രിമാർ രാജ്ഭവനിലെ പരിസ്ഥിതിദിനാഘോഷത്തിൽ നിന്നും വിട്ടുനിന്നതിനേയും ഗവർണർ വിമർശിച്ചു. മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് പ്രശ്നമാണ് ഉള്ളതെന്ന് ഗവർണർ ചോദിച്ചു. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിന്ന് പരിസ്ഥിതിദിനാഘോഷ ചടങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങളും രാജ്ഭവൻ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തെ രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം കൃഷി വകുപ്പ് ബഹിഷ്കരിച്ചിരുന്നു. ആഘോഷത്തിന്‍റെ ഭാഗമായി വേദിയിൽ സ്ഥാപിച്ച ആർ.എസ്.എസിന്റെ കാവിക്കൊടി പിടിച്ച ഭാരതമാതാവിന്‍റെ ചിത്രത്തെ ചൊല്ലിയാണ് ചടങ്ങ് ബഹിഷ്കരിച്ചത്. ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയിൽനിന്ന് ചിത്രം മാറ്റണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവൻ അറിയിച്ചതോടെയാണ് രാജ്ഭവനിൽനിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദർബാർ ഹാളിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാണ് കൃഷിമന്ത്രി പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. കാവിക്കൊടി പിടിച്ച ഭാരതമാതാവിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ നിർബന്ധം പിടിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഇതിന് ശേഷമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയിലെന്നും കൃഷിവകുപ്പ് അറിയിച്ചു. തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയത്. പൊതുവെ ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമല്ല രാജ്ഭവൻ ഉപയോഗിച്ചതെന്ന് മന്ത്രി പി. പ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണ ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രമാണെങ്കിൽ സർക്കാറിന് എതിർപ്പില്ല. ആർ.എസ്.എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രം എങ്ങനെ സർക്കാർ പരിപാടിയിൽ ഉപയോഗിക്കാനാകുമെന്നും കൃഷിമന്ത്രി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

