യു.ജി.സി യോഗ്യതയില്ലാത്തവരെ കോളജ് അധ്യാപകരാക്കുന്നതിനെതിരെ ഗവർണർ; യോഗ്യത ഉറപ്പാക്കണമെന്ന് സർവകലാശാലകൾക്ക് നിർദേശം
text_fieldsകേരള രാജ്ഭവൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങൾക്ക് യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത കർശനമായി പാലിക്കണമെന്ന് ചാൻസലറായ ഗവർണറുടെ ഉത്തരവ്. കോളജ് അധ്യാപക നിയമനങ്ങളിൽ ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടതായി കാണിച്ചാണ് ഉത്തരവ്.
അധ്യാപക നിയമനങ്ങളിൽ പൂർണമായും യു.ജി.സി ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് സർവകലാശാല വൈസ്ചാൻസലർമാർക്കും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കുമയച്ച സർക്കുലറിൽ ഗവർണർ നിർദേശിച്ചു. നിയമിക്കുന്ന അധ്യാപകരുടെ യഥാർഥ യോഗ്യത വിവരങ്ങൾ കോളജ് പോർട്ടലിൽ ഉൾപ്പെടുത്തണം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള പി.ജി ബിരുദവും യു.ജി.സി നാഷനൽ എലിജിബിലിറ്റ് ടെസ്റ്റുമാണ് (നെറ്റ്)/പി.എച്ച്.ഡിയും ആണ് അധ്യാപക നിയമനത്തിനുള്ള യോഗ്യത.
സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകളിലും ഉൾപ്പെടെ നിയമിക്കപ്പെടുന്നവർക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതോടെയാണ് ഗവർണറുടെ ഇടപെടൽ. സാങ്കേതിക സർവകലാശാലക്ക് കീഴിലുള്ള ഒട്ടേറെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ എ.ഐ.സി.ടി.ഇ നിഷ്കർഷിക്കുന്ന യോഗ്യതയില്ലാത്ത അധ്യാപകർ പഠിപ്പിക്കുന്നുണ്ട്. ഇവരെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുമ്പോൾ ഉയർന്ന ശമ്പളം നൽകേണ്ടിവരുന്നത് ഒഴിവാക്കാനാണ് പല കോളജുകളും മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

