ഗവര്‍ണർ ബി.ജെ.പി ഏജന്റിനെപോലെ; നിലപാടില്ലാത്തത് സി.പി.എമ്മിന് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഗവര്‍ണര്‍ ബി.ജെ.പി ഏജന്റിനെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായത്തിന് അന്നും ഇന്നും മാറ്റമില്ലെന്നും സി.പി.എമ്മാണ് കൃത്യമായ നിലപാട് എടുക്കാത്തതെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. രാജ്ഭവനില്‍ വെക്കേണ്ടത് ദേശീയ നേതാക്കളുടെ ചിത്രമാണ്. അല്ലാതെ ഗോള്‍വാള്‍ക്കറുടേതല്ല. ഇക്കാര്യം ഞങ്ങള്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി എം. ഗോവിന്ദനുമാണ് ഇതുവരെ അഭിപ്രായം പറയാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കേരളത്തെ വഞ്ചിക്കുന്ന, ജനകീയ പ്രശ്നങ്ങളെ വിസ്മരിക്കുന്ന, അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും മാത്രം കാണിക്കുന്ന സര്‍ക്കാറിനെതിരായ ജനവിധിയാകും നിലമ്പൂരില്‍. 128 ദിവസമായി ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നു. അവരോട് ഇത്രയും അവജ്ഞ കാണിക്കുന്ന വേറൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി പൊലീസ് അസോസിയേഷന് യോഗത്തില്‍ തികഞ്ഞ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. രാഷ്ട്രീയ പ്രസംഗം വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രിക്ക് ചേര്‍ന്നതല്ല. പൊലീസ് സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
സേനയെ സി.പി.എമ്മിന്റെ പോഷക സംഘടനയാക്കിക്കളയാം എന്ന തെറ്റിദ്ധാരണ മുഖ്യമന്ത്രിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

