പാലാരിവട്ടം പാലം അഴിമതിക്കേസിലും പിടിമുറുക്കി ഗവർണർ
text_fieldsതിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിലും ഗവർണർ പിടിമുറുക്കുന്നു. മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കുന്നതുൾപ്പെടെ വിഷയത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷമാകും തീരുമാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു. ‘ഭരണഘടനക്കും നിയമത്തിനും വിധേയമായി പ്രവര്‍ത്തിക്കണമെന്നത് ഓരോ ഇന്ത്യക്കാരെൻറയും കര്‍ത്തവ്യമാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും’ എന്നാണ് ഇൗ വിഷയത്തിലെ ചോദ്യങ്ങളോട് ഗവര്‍ണർ പ്രതികരിച്ചത്. വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കുന്നതിൽ ഗവർണർ അനുമതി നൽകാതെ ഒളിച്ചുകളി നടത്തുന്നെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പുതുതായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ സജീവമായി ഇടപെടുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് ഗവര്‍ണറുടെ അനുമതി തേടിയത്. വിഷയത്തിൽ ഗവര്‍ണര്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടുകയും വിജിലൻസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കണമെങ്കിൽ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം ഗവര്‍ണറുടെ അനുമതി വേണം. ഇതുപ്രകാരമാണ് വിജിലൻസ് സെപ്റ്റംബറിൽ കത്ത് നൽകിയത്. എന്നാൽ, രണ്ട് മാസത്തോളം ഗവര്‍ണറുടെ ഓഫിസ് കേസിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഇതിനെതിരെ വിമര്‍ശനങ്ങളും അന്വേഷണം അട്ടിമറിക്കുന്നെന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് ഗവർണറുടെ ഓഫിസ് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തുന്നത്. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടര്‍ എസ്. അനിൽകാന്തിനെയും ഐ.ജി എച്ച്. വെങ്കിടേഷിനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി നിർദേശിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിജിലൻസിെൻറ കണ്ടെത്തലുകളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
