ഗവർണർ-സർക്കാർ പോര് : ജനങ്ങളെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്ന് രമേശ് ചെന്നിത്തല
text_fieldsആലപ്പുഴ : ഗവർണർ - സർക്കാർ പോര് ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായരുന്നു അദ്ദേഹം. ഗവർണർ ധനമന്ത്രിയെ വിമർശിച്ചത് എന്തിനെന്ന് ഇപ്പോൾ മനസിലായി. വിമർശനം കേട്ടപാടേ ഗവർണറുടെ ഓഫീസ് നന്നാക്കാൻ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചുനൽകി.
നേരത്തേ സംഘ് പരിവാറിന്റെ സംസ്ഥാന നേതാവിനെ ഗവർണറുടെ പി.എ. ആയി അനുവദിച്ചുകൊടുത്തു. ഇതെല്ലാം ഒത്തുകളിയാണ്. മാധ്യമങ്ങൾ വിവാദ വിഷയങ്ങൾ വാർത്തയാക്കിയപ്പോൾ ജനങ്ങൾക്ക് ഇരുട്ടടിയായി അരിക്ക് 20 രൂപ കൂടിയതും, കേരളത്തിൽ വിറ്റഴിക്കുന്ന മരുന്നുകൾക്ക് ഗുണ നിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തലും ചർച്ചയായില്ല.
കഴിഞ്ഞ കുറെക്കാലമായി പൊലീസ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്മേൽ ഒരു നിയന്ത്രണവുമില്ല. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാഴുന്നു. പൊലീസിൽ ദിനംപ്രതി വീഴ്ചകൾ ആവർത്തിക്കുന്നു. മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പറശാലയിൽ പൊലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ച സംഭവത്തിലും പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് സമ്മതിച്ചിട്ടും ആർക്കെതിരെയും നടപടിയെടുക്കാത്തത് വിചിത്രമെന്നേ പറയാനാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

