ആർ.എസ്.എസുമായി അടുത്ത ബന്ധമുണ്ടെന്ന് ഗവർണർ; 'അവരുടെ പ്രവർത്തനങ്ങളെ ആരാധിക്കുന്നു'
text_fieldsതിരുവനന്തപുരം: തനിക്ക് ആർ.എസ്.എസുമായി വർഷങ്ങളായി അടുത്തബന്ധമുണ്ടെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ ഇടതു സർക്കാറുമായി നിരവധി വിഷയങ്ങളിൽ നിരന്തരം കൊമ്പുകോർക്കുന്ന ഗവർണർ, ആർ.എസ്.എസ് ഏജന്റായാണ് പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങൾക്കിടെയാണ് സംഘ്പരിവാറ ബന്ധം തുറന്നു സമ്മതിച്ചത്.
ഏറെ കാലമായി ആർ.എസ്.എസുമായി അടുത്ത ബന്ധമുണ്ടെന്നും വിദ്യാഭ്യാസരംഗത്തെ സംഘടനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. '1986 മുതൽ ആർ.എസ്.എസുമായി അടുത്ത ബന്ധമുണ്ട്. വിദ്യാഭ്യാസ രംഗത്തെ സംഘടനയുടെ പ്രവർത്തനങ്ങളെ വളരെ ആരാധിക്കുന്ന ഒരാളാണ് താൻ. പാർശ്വവൽക്കരിക്കപ്പെട്ടയാളുകളെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി സംഘടന നടത്തുന്ന ഏകൽ വിദ്യാലയ പദ്ധതി അഭിനന്ദനാർഹമാണ്. യുവ തലമുറയ്‌ക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ പുണ്യമായ പ്രവൃത്തിയാണ് ആർ.എസ്.എസ് ചെയ്യുന്നത്. ആർഎസ്എസുമായുള്ള ബന്ധത്തിൽ താൻ എന്നും അഭിമാനിക്കുന്നു' -അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി കെ.ടി ജലീലിന്റെ "ആസാദ് കശ്മീർ" പരാമർശത്തെയും ഗവർണർ വിമർശിച്ചു. കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്ക് പ്രാധാന്യം നൽകേണ്ട ആവശ്യമില്ല. കശ്മീരിന്റെ ചരിത്രം ജലീലിന് അറിയില്ല. സ്വാതന്ത്ര്യ സമരത്തെപ്പറ്റി പോലും ജലീൽ ബോധവാനല്ല -ഗവർണർ പറഞ്ഞു.
ഓർഡിനൻസുകളിൽ ഒപ്പിടാതെ ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവർണറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റ് വിരുദ്ധത പടർത്തുകയാണ് ഗവർണർ ചെയ്യുന്നത്. മോദി സർക്കാറിന്റെ ചട്ടുകമാണ് ഗവർണറെന്നും പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.
മോദി സർക്കാറിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽ.ഡി.എഫ് സർക്കാറും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവർണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ വൈസ്ചാൻസലർക്കെതിരായ ആക്രോശവും ചുവടുവയ്പും.
കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് ഗവർണർക്ക് പകയുണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മോദി സർക്കാറിന്റെ പൗരത്വനിയമ ഭേദഗതിയെന്ന കാടൻനിയമത്തിന് കണ്ണൂരിൽ ചേർന്ന ചരിത്ര കോൺഗ്രസ് ഹല്ലേലൂയ പാടാത്തതാണ്. ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രഫ. ഇർഫാൻ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിക്കുന്നതിലേക്ക് ഗവർണറുടെ അവിവേകം എത്തിയിരിക്കുന്നു.
മോദി സർക്കാറിന്റെ ന്യൂനപക്ഷവിരുദ്ധ, മതനിരപേക്ഷത തകർക്കുന്ന നയത്തെ അനുകൂലിക്കാത്ത അക്കാദമിക് പണ്ഡിതന്മാരെ വച്ചുപൊറുപ്പിക്കില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ മാത്രമല്ല, കേരളത്തിലും അത് നടപ്പാക്കും. അതിനുള്ള മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ഭാവമാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിക്കുന്നത്. ഗവർണർ സൃഷ്ടിച്ച പ്രശ്‌നങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്നത് സംഘപരിവാർ അജൻഡയാണെന്നും കോടിയേരി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

